Skip to main content

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട് ബീച്ചില്‍ 

 

സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികള്‍ക്ക്  ഇന്ന് ( ഫെബ്രുവരി 20) കോഴിക്കോട് ബീച്ചില്‍ തുടക്കമാകും.  വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാനതല ഉദ്ഘാടനവും സേഫ് കേരള പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സ്വാഗതം പറയും. മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എം.പിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. 
ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി വൈകിട്ട് മൂന്നുമുതല്‍ പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന 'ദ്രാവിഡ ബാന്‍ഡ്' സംഗീതപരിപാടി നടക്കും. രാത്രി ഏഴുമുതല്‍ പ്രശസ്ത ഗായകന്‍ ഹരിഹരന്‍ നയിക്കുന്ന 'ഗസല്‍ സന്ധ്യ'യും അരങ്ങേറും.  ഏഴു ദിവസം നീളുന്ന പരിപാടിയോടനുബന്ധിച്ച്  ബീച്ചില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ വിവിധ വകുപ്പുകളുടെയും മിഷനുകളുകളുടെയും പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കലാപരിപാടികളും വികസനസെമിനാറുകളും സംഘടിപ്പിക്കും. 
ഫെബ്രുവരി 21 ന് മൂന്ന് മണിക്ക് കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വികസന സെമിനാറില്‍ പച്ചക്കറി കൃഷിയിലെ നൂതന പ്രവണതകള്‍ എന്ന വിഷയത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഡോ. നാരായണന്‍കുട്ടി സംസാരിക്കും. തുടര്‍ന്ന് നവകേരള നിര്‍മ്മിതിയില്‍ ഹരിത കേരള മിഷന്റെ പങ്ക് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി പ്രകാശ് അവതരിപ്പിക്കും.  ആധുനിക കൃഷി യന്ത്രങ്ങളെ അസി. കൃഷി എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ അഹമ്മദ് കബീര്‍ പരിചയപ്പെടുത്തും. ചടങ്ങില്‍പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ മിനി മോഡറേറ്ററാകും. വൈകീട്ട് 6.45 ന്കോഴിക്കോട് നവചേതനയുടെ നയാപൈസ നാടകം അരങ്ങേറും. 
ഫെബ്രുവരി 22 ന് ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ സെമിനാറില്‍ മുതിര്‍ന്ന പൗര•ാരുടെ സംരക്ഷണം നയവും പദ്ധതികളും ജില്ലാ പ്രൊബേഷനറി ഓഫീസര്‍ കെ ടി അഷറഫ് അവതരിപ്പിക്കും. ട്രാന്‍സ്ജന്‍ഡര്‍ നയങ്ങളും പദ്ധതികളും കാലടി സര്‍വകലാശാല സോഷ്യല്‍വര്‍ക്ക് എച്ച്ഒഡി രേഷ്മ ഭരദ്വാജും ഭിന്നശേഷി അവകാശ സംരക്ഷണ നിയമവും പദ്ധതികളും കോഴിക്കോട് മെഡിക്കല്‍ കോളജ് അസി. പ്രൊഫ. ഡോ. സമീറും  അവതരിപ്പിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ് മോഡറേറ്ററാകും. തുടര്‍ന്ന് തിരുവനന്തപുരം ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍ അരങ്ങിലെത്തും. 
ഫെബ്രുവരി 23 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സെമിനാറില്‍ പൊതുവിദ്യാഭ്യാസവും മതേതര ജനാധിപത്യവും എന്ന വിഷയം എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ അബ്ദുല്‍ഹക്കീമും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന വിഷയം കോഴിക്കോട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ അബ്ദുല്‍നാസറും  അവതരിപ്പിക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ സുരേഷ്‌കുമാര്‍ മോഡറേറ്ററാകും. തുടര്‍ന്ന് കൊയിലാണ്ടി അരങ്ങ് കലാസമിതിയുടെ നാടന്‍പാട്ട് വേദിയിലവതരിപ്പിക്കും.  
24ന് നടക്കുന്ന ആരോഗ്യ സെമിനാറില്‍ മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിനിലെ ഡോ. ജയകൃഷ്ണന്‍ ടി. പകര്‍ച്ചവ്യാധി പ്രതിരോധത്തില്‍ ജനങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് സംസാരിക്കും. പീഡിയാട്രിക് മെഡിസിനിലെ ഡോ. മോഹന്‍ദാസ് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും ഇത് നടപ്പാക്കുന്നതിലെ വെല്ലുവിളികളെ കുറിച്ചും വിശദീകരിക്കും. എമര്‍ജന്‍സി മെഡിസിനിലെ ഡോ. ചാന്ദ്‌നി ആധുനിക ജീവിതത്തിലെ ശൈലിരോഗങ്ങളെ കുറിച്ചും ഡിഎംഒ ഡോ. വി ജയശ്രീ ആര്‍ദ്രം മിഷന്‍ സംബന്ധിച്ചും ക്ലാസ്സെടുക്കും. അഡി. ഡിഎംഒ ഡോ. ആശാദേവി മോഡറേറ്ററാകും. തുടര്‍ന്ന് 4.30 ന് എം വേണുകുമാറിന്റെ പ്രളയശേഷം ഹൃദയപക്ഷം, നീലന്‍ സംവിധാനം ചെയ്ത പ്രേംജി ഏകലോചന ജ•ം എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് കുടുംബശ്രിയുടെ കലാപരിപാടികള്‍ വേദിയിലത്തും. 
കേരള വികസനം ഇന്നലെ ഇന്ന് നാളെ വിഷയത്തില്‍ 25ന് നടക്കുന്ന സെമിനാറില്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ. കെ എന്‍ ഹരിലാല്‍, സാമ്പത്തികശാസ്ത്ര വിഭാഗം അസോ. പ്രൊഫസര്‍ ഡോ. ടി പി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും. തുടര്‍ന്ന് വിനോദ് മങ്കരയുടെ ക്ഷേത്രപ്രവേശന വിളംബരം- സമരവിജയ വീഥികള്‍, ആര്‍ ജയരാജിന്റെ കടമ്മന്‍ പ്രകൃതിയുടെ പടയണിക്കാരന്‍, ടി.ആര്‍ പ്രിയനന്ദനന്റെ വൈലോപ്പിള്ളി ഒരു കാവ്യജീവിതം എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും.  6.45 ന് കൊയിലാണ്ടി റെഡ് കര്‍ട്ടന്‍ അവതരിപ്പിക്കുന്ന വാരിയങ്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അരങ്ങിലെത്തും. 
 26ന് കേരള നവോത്ഥാന പ്രസ്ഥാനം ഉത്ഭവവും വളര്‍ച്ചയും സെമിനാറില്‍ മുന്‍ വിദ്യഭ്യാസ മന്ത്രി എം.എ ബേബി, എം.പി വീരേന്ദ്രകുമാര്‍ എം.പി എന്നിവര്‍ സംസാരിക്കും. വൈകീട്ട് ടി.രാജീവ് നാഥിന്റെ പി പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വന്‍, ടി.കെ രാജീവ്കുമാറിന്റെ രാഗം മണിരംഗ്, എം.ജി ശശി സംവിധാനം ചെയ്ത അഴീക്കോട് മാഷ് എന്നീ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം നടക്കും. തുടര്‍ന്ന് കെ.പി.എ.സിയുടെ നാടകം മഹാകവി കാളിദാസന്‍ വേദിയിലെത്തും. 
സമാപന ദിവസമായ 27 ന് വൈകീട്ട് എം.പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത പൊന്‍കുന്നം വര്‍ക്കി, പി.ടി കുഞ്ഞുമുഹമ്മദിന്റെ എന്‍.പി മുഹമ്മദ്, വി.ആര്‍ ഗോപിനാഥിന്റെ ദേവനായകന്‍ എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. വൈകീട്ട് കോഴിക്കോട് മാജിക് വോയ്സ് അവതരിപ്പിക്കുന്ന ഗാനമേളയോടെ ജില്ലയിലെ ആഘോഷ പരിപാടികള്‍ക്ക് സമാപനമാകും. സംസ്ഥാനതല  പരിപാടികളുടെ സമാപനസമ്മേളനം 27ന് വൈകിട്ട് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

date