Skip to main content

പ്രളയാനന്തര പുനരധിവാസം- നിലമ്പൂരില്‍ പട്ടയ മേള ഇന്ന് (ഫെബ്രുവരി 20)

പ്രളയാനന്തര പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി  നിലമ്പൂരില്‍ ഇന്ന് (ഫെബ്രുവരി 20) പട്ടയ മേള നടത്തും. ചാലിയാര്‍ പഞ്ചായത്തിലെ 34 കുടുംബങ്ങള്‍ക്കു റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി മന്ത്രി ഇ. ചന്ദ്രശേഖരന്‍ പട്ടയം വിതരണം ചെയ്യും. ജില്ലയില്‍ പ്രളയത്തെ തുടര്‍ന്നു ഏറെ പ്രയാസമനുഭവിച്ച നിലമ്പൂര്‍ താലൂക്കിലെ ചാലിയാര്‍ പഞ്ചായത്തിലെ മതില്‍മൂല പൂളപ്പൊട്ടി, ചെട്ടിയന്‍പാറ കോളനികളിലെ ആദിവാസികളുള്‍ പ്പെടെയുള്ളവര്‍ക്കാണ് പട്ടയം നല്‍കുന്നത്. ഇവരുടെ പുനരധിവാസത്തിനായി 25 ഏക്കര്‍ ഭൂമിയാണ് അകമ്പാടം വില്ലേജിലെ കണ്ണന്‍കുണ്ട് പ്രദേശത്ത് റവന്യൂ വകുപ്പ് വനം വകുപ്പില്‍ നിന്ന്  ഏറ്റെടുത്തത്.  50 സെന്റ് വീതമുള്ള ഭൂമിയുടെ പട്ടയമാണ് വിതരണം ചെയ്യുന്നത്. ഇതില്‍ ഈ മേഖലയില്‍ പ്രളയത്തിനിരയായ 22 കുടുംബങ്ങള്‍ക്കും ചാലിയാര്‍ പഞ്ചായത്തിലെ ഭൂരഹിതരായ പുറമ്പോക്കില്‍ താമസിക്കുന്ന 12 കുടുംബങ്ങള്‍ക്കും ഭൂമി വിതരണം ചെയ്യും.
 അകമ്പാടത്ത് ചാലിയാര്‍ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് രാവിലെ ഒമ്പതിന് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ പി.കെ. ബഷീര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.വി. അബ്ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഗതന്‍, ചാലിയാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാന്‍, ജില്ലാ കലക്ടര്‍ അമിത് മീണ തുടങ്ങിയവര്‍ പങ്കെടുക്കും.

 

date