Skip to main content

ഗുഡ് ഇംഗ്ലീഷ്; രണ്ടാം ബാച്ചിന് രജിസ്റ്റര്‍ ചെയ്തത് 920 പേര്‍

സാക്ഷരതാ മിഷന്റെ ഇംഗ്ലീഷ് പഠന കോഴ്സിന് ജില്ലയില്‍ മികച്ച പ്രതികരണം. 920 പേരാണ് ഗുഡ് ഇംഗ്ലീഷ് രണ്ടാം ബാച്ചിന് ജില്ലയില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് കൂടുതല്‍ പേര്‍ പഠിതാക്കളായ ജില്ലയാണ് മലപ്പുറം. രണ്ടാം ബാച്ചിലെ പഠിതാക്കളുടെ സംഗമം ഇന്നലെ കോട്ടക്കുന്ന് ഡിടിപിസി ഹാളില്‍ നടന്നു. പികെ കുഞ്ഞാലിക്കുട്ടി എംപി സംഗമം ഉദ്ഘാടനം ചെയ്തു. പാതി വഴിയില്‍ പഠനം അവസാനിപ്പിക്കേണ്ട വന്നവര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് 'ഗുഡ് ഇംഗ്ലീഷ്' കോഴ്സെന്ന് എംപി അഭിപ്രായപ്പെട്ടു. പി ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു.
സാക്ഷരതാ പഠിതാക്കള്‍ക്ക് ഇംഗ്ലീഷ് ഭാഷ സംസാരിക്കാനും എഴുതാനും പ്രാവീണ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഗുഡ് ഇംഗ്ലീഷ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ബാച്ചില്‍ 70 പേരായിരുന്നു പഠിതാക്കളെങ്കില്‍ രണ്ടാം ബാച്ചിലത് 920 പേരായി. പത്താം ക്ലാസ് തുല്യതാ പഠനം പൂര്‍ത്തിയാക്കിയവരും പ്ലസ് വണ്‍ പ്ലസ് റ്റു പഠിതാക്കളുമാണ് കൂടുതലുള്ളത്. ഇതില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 600 പേരുടെ ഫീസ് നല്‍കുന്നത് ജില്ലാ പഞ്ചായത്താണ്. നാലുമാസമാണ് ഗുഡ് ഇംഗ്ലീഷ് കോഴ്സിന്റെ ദൈര്‍ഘ്യം. പ്രത്യേകം തയ്യാറാക്കിയ സിലബസ് അനുസരിച്ചാണ് പഠനം. പഠിതാക്കള്‍ക്കായി അഭിമുഖവും പരീക്ഷയും നടത്തുന്നുണ്ട്. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലുമായിട്ടാവും ക്ലാസുകള്‍.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, നഗരസഭാ ചെയര്‍പേഴ്സന്‍ സി.എച്ച് ജമീല ജില്ലാ പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ജനറല്‍ കൗണ്‍സില്‍ അംഗം സലീം കുരുവമ്പലം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ സജി തോമസ്, അസി. കോഡിനേറ്റര്‍ ആര്‍ രമേഷ് കുമാര്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

 

date