Skip to main content

പ്രളയാനന്തര പൊന്നാനി; പ്രകൃതി സംരക്ഷണത്തിലൂന്നി 2019 -2020 നഗരസഭ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു

പ്രളയാനന്തര സമഗ്ര വികസനത്തിനായി, പ്രകൃതി സംരക്ഷണത്തിലൂന്നിയ വികസന കാഴ്ചപ്പാടുകളുമായി പൊന്നാനി നഗരസഭയുടെ വാര്‍ഷിക ബജറ്റ് അവതരിപ്പിച്ചു. നൂറ്റി ഇരുപത് കോടി അറുപത്തിനാല് ലക്ഷത്തി ആറായിരത്തി ഒരുന്നൂറ്റി നാല്‍പ്പത്തിയാറ് രൂപയുടെ വാര്‍ഷിക ബജറ്റാണ്  നഗരസഭ ഉപാധ്യക്ഷ വി.രമാദേവി അവതരിപ്പിച്ചത്. പ്രളയാനന്തരം ദുരന്ത നിവാരണത്തിന് പ്രാധാന്യം നല്‍കിയ ബജറ്റില്‍ ഹാം റേഡിയോ ക്ലബ്ബ്, ഐ.പി.എം.എസ് - ജി.ഐ.എസ് മാപ്പിങ് നദി, ജലാശയങ്ങള്‍, തോട്, കുളങ്ങള്‍ ശുചിയാക്കുന്ന സുജലം പദ്ധതി എന്നിവക്കായി 18598600 രൂപ വകയിരുത്തിയിട്ടുണ്ട്. 1206406146 രൂപ വരവും 1130789800 രൂപ ചെലവും 75616346 രൂപ നീക്കിയിരിപ്പുമുള്ള 2019 -20 വര്‍ഷത്തെ മതിപ്പ് ബജറ്റാണ് അവതരിപ്പിച്ചത്.പ്രകൃതി സൗഹൃദ നല്ല ഭക്ഷണ സംസ്‌കാരത്തിനായി എല്ലാ അങ്കണവാടികളിലും കര്‍ക്കിട മാസത്തില്‍ നാട്ടുപാചക കളരിയും നാട്ടു പാചക പുസ്തകവും സംഘടിപ്പിക്കാന്‍ ബജറ്റ് നിര്‍ദേശിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക്  ഭൂമിത്രക്കൂട്ടം പദ്ധതിയും പി.എം.എ.വൈ-ലൈഫ് മിഷന്‍ ഭവനങ്ങള്‍ക്ക് വര്‍ഷം തോറും മാലിന്യ സംസ്‌കരണ  സോഷ്യല്‍ ഓഡിറ്റിംഗ് നടത്തലും ബജറ്റ് നിര്‍ദ്ദേശത്തില്‍ ശ്രദ്ധേയമാണ്.
പക്ഷി മൃഗ സംരഷണത്തിന് പാലിയേറ്റീവ് മാതൃകയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ രൂപീകരണം ബജറ്റിലൂടെ പ്രഖ്യാപിച്ചു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക നീന്തല്‍ക്കുളം, സാധ്യമായ പ്രാഥമിക വിദ്യാലയങ്ങളില്‍ കൃത്രിമ നീന്തല്‍ക്കുളം, വാര്‍ഡുകള്‍ തോറും വ്യായാമകേന്ദ്രങ്ങള്‍, ഹരിത കര്‍മ്മ സേന വഴികാര്‍ഷിക മുറ്റം, സ്ഥലം ലഭ്യമാകുന്ന എല്ലാ സര്‍ക്കാര്‍ -എയിഡഡ് വിദ്യാലയങ്ങളിലും ജൈവ വൈവിധ്യ പാര്‍ക്കുകളും, ശലഭോദ്യാനങ്ങളും നിര്‍മിക്കും. കൂടാതെ ഗ്രീന്‍ റോയല്‍റ്റി പദ്ധതി വ്യാപിപ്പിക്കും. ഭിന്നശേഷിക്കാര്‍ക്ക് സ്വന്തം ഇടം, തൊഴില്‍ മേള, പട്ടികജാതി വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംരഭ കേന്ദ്രം, ഉത്തരവാദിത്വ ടൂറിസം, മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വിവിധ കായിക ഇനങ്ങള്‍ക്ക് നഗരസഭയുടെ ടീമുകളെ വാര്‍ത്തെടുക്കല്‍, നഗരസഭ തലത്തില്‍ യൂത്ത് വെല്‍ഫെയര്‍ ഓഫീസ്, കുടുംബശ്രീയുടെ നേതൃത്വത്തില്‍ ചെറുകിട വാണിജ്യ വ്യവസായ സംരഭങ്ങള്‍,അങ്കണവാടികള്‍ സമാര്‍ട്ട് ആക്കുന്ന പദ്ധതി, പകല്‍ വീട്, പൊന്നാനി സാംസ്‌കാരിക മഹോത്സവത്തിനും, കണ്ണപ്പില്‍ വാവു വാണിഭ പൈതൃകോത്സവത്തിനും പുറമെ പുഴയോര ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കല്‍ എന്നിവയാണ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍.
മത്സ്യതൊഴിലാളി മേഖലയ്ക്ക് ഡിങ്കി, ലാപ്പ് ടോപ്പ്, പഠനോപകരണ വിതരണം അടക്കം 4140000 രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ കലാകായിക  മേഖലയ്ക്ക് ടാലന്റ് ലാബ്, വീ വിത്ത് യു, ഹാപ്പി ഡെയ്സ്,  ലീപ്പ് ഫോര്‍വേര്‍ഡ് പദ്ധതി, വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിരോധ പരിശീലനം, സാംസ്‌കാരിക മഹോത്സവം, ഗെയിംസ് ഫെസ്റ്റിവല്‍, തുടര്‍ സാക്ഷരത - തുല്യത കോഴ്സ് ഫീ,  വിവിധ പൊതു വിദ്യാലയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കല്‍ അടക്കം മൊത്തം 25143000 രൂപയും വകയിരുത്തിയിട്ടുണ്ട്. ക്ഷേമ മേഖലയില്‍ വയോമിത്രം, ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികള്‍ക്ക് ഭക്ഷണം, വനിതകള്‍ക്ക് മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ഭിന്നശേഷി കലോത്സവം, ബിഹേവിയര്‍ & സ്പീച്ച് തെറാപ്പി, പരിരക്ഷ പദ്ധതി അടക്കം 33663130 രൂപയാണ് നിര്‍ദേശിച്ചിട്ടുള്ളത്.
ഭവന നിര്‍മ്മാണ മേഖലയില്‍ 39353500 രൂപ, പട്ടിക ജാതി ക്ഷേമ മേഖലയില്‍ ഭവന നിര്‍മ്മാണം, വാട്ടര്‍ ടാങ്ക്, വിദേശത്ത് തൊഴില്‍ ധന സഹായം, വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി, പഠനോപകരണ വിതരണം, ലാപ്ടോപ്പ് വിതരണം അടക്കം മൊത്തം 16288000 രൂപ, കാര്‍ഷിക മേഖലയില്‍ പൊന്നാര്യന്‍ കൊയ്യും പൊന്നാനി, സമഗ്ര പച്ചക്കറി കൃഷി വികസനം,  യന്ത്ര വല്‍ക്കരണം, ഗ്രീന്‍ റോയല്‍റ്റി, ഹരിത വിദ്യാലയം അടക്കം 4710000 രൂപ, മൃഗ സംരക്ഷണ മേഖലയില്‍ 3312000 രൂപ, ആരോഗ്യ മേഖലയില്‍ 3138200 രൂപ എന്നിങ്ങനെ വകയിരുത്തി.
ഉറവിട മാലിന്യ സംസ്‌കരണത്തിനായി ഗാര്‍ഹിക കമ്പോസ്റ്റിങ് യൂണിറ്റ്, സ്‌കൂളുകള്‍ക്ക് ബയോഗ്യാസ് പ്ലാന്റ് എന്നിവക്കായി 6399000 രൂപയും ബജറ്റില്‍ നീക്കി വച്ചിട്ടുണ്ട്. പൊന്നാനി നഗരസഭ കൗണ്‍സില്‍ ഹാളില്‍ വെച്ച് ചേര്‍ന്ന ബജറ്റ് സമ്മേളനത്തില്‍ സ്ഥിരസമിതി ചെയര്‍മാ•ാരായ ഒ.ഒ ഷംസു, ടി.മുഹമ്മദ് ബഷീര്‍, ഷീന സുദേശന്‍, റീന പ്രകാശ്, അഷ്റഫ് പറമ്പില്‍, കൗണ്‍സിലര്‍മാരായ എം.പി അബ്ദുനിസാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, എ.കെ ജബ്ബാര്‍, ബാബുരാജ്, വി.വി സുഹറ, സേതുമാധവന്‍, കെ.പി ശ്യാമള, പ്രദോഷ്, ഫസലുറഹ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

date