Skip to main content

വരള്‍ച്ച നേരിടാനുള്ള ജനകീയ യജ്ഞത്തില്‍ കേരളം ഒരേ മനസോടെ പങ്കുചേരണം-ചെറിയാന്‍ ഫിലിപ്പ്

പ്രളയാനന്തര കേരളത്തില്‍ വരള്‍ച്ചാ ഭീഷണിയെ അതിജീവിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനകീയ യജ്ഞം വിജയിപ്പിക്കുന്നതിന് പൊതുസമൂഹത്തിന്റെ പങ്കാളിത്തം അനിവാര്യമാണെന്ന് നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ തിരുവനന്തപുരം ജില്ലാതല പരിപാടിയില്‍ ഹരിതകേരളം സുസ്ഥിര വികസന പാതയില്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയമായാലും വരള്‍ച്ചയായാലും നമുക്ക് അതിജീവിക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമാണെന്ന് ചിന്തിച്ച് മാറിനില്‍ക്കാതെ ജനപ്രതിനിധികളും ജനങ്ങളും ഒരേമനസോടെ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടണം. സദ്ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ക്കുശേഷവും നാടിനെ സുസ്ഥിരമായി നിലനിര്‍ത്താന്‍ ഈ ഇടപെടല്‍ അനിവാര്യമാണ്.  
കാലാവസ്ഥാ വ്യതിയാനം മാത്രമല്ല ജലസ്രോതസുകളുടെ ദുരുപയോഗവും ജലസമൃദ്ധമായ മേഖലകളെ കൊടിയ വരള്‍ച്ചയിലെത്തിക്കുന്നതിന് കാരണമായിട്ടുണ്ട്. വരള്‍ച്ചയെ അതിജീവിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ വേണം. പരമ്പരാഗത ജലസ്രോതസുകള്‍ വീണ്ടെടുക്കണം. ഇതേ ലക്ഷ്യത്തോടെയാണ് ഹരിതകേരളം മിഷന്റെ ഉപമിഷനായ ജലസമൃദ്ധി പ്രവര്‍ത്തിക്കുന്നത്.
കെട്ടിക്കിടക്കുന്ന വെള്ളത്തെ വിവിധ മാര്‍ഗ്ഗങ്ങളില്‍ വിനിയോഗിക്കാനാകണം. ഭൂഗര്‍ഭജല സ്രോതസുകളെ ഉത്തേജിപ്പിക്കാനുള്ള പരിശ്രമം ഉണ്ടായില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും നേരിടേണ്ടിവരിക.
കിണറുകള്‍ റീചാര്‍ജ്ജ് ചെയ്തും കുളങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് ജലസ്രോതസ്സുകള്‍ പുനരുജ്ജീവിപ്പിച്ചും തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. കുളങ്ങളും തോടുകളും തണ്ണീര്‍ത്തടങ്ങളും നിലനിന്നാല്‍ മാത്രമേ കേരളത്തില്‍ ജലലഭ്യത ഉറപ്പാക്കാനാകൂ. ഭൂഗര്‍ഭ ജലസ്രോതസുകളില്‍ വെള്ളമുണ്ടാകണമെങ്കില്‍ മുകള്‍തട്ടില്‍ വെള്ളം കെട്ടിക്കിടക്കാന്‍  ഇടം വേണം. കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ച് മത്സ്യകൃഷി നടത്താം. നീന്തല്‍ക്കുളങ്ങളാക്കാം. കെട്ടിക്കിടക്കുന്ന ജലത്തെ ഭൂഗര്‍ഭ ചാലുകളിലൂടെ കിണറുകളിലെത്തിക്കാം. ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തെ ഹരിത സംസ്ഥാനമാക്കാനുള്ള കര്‍മ്മ പരിപാടികളിലും ജനപങ്കാളിത്തം കൂടിയേതീരൂ-അദ്ദേഹം പറഞ്ഞു.
പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ വി.ആര്‍. രേഖ, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ. ഫെയ്‌സി, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. ഷാജി എന്നിവര്‍ പ്രഭാഷണം നടത്തി. എല്‍.ആര്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍. വി. സമൂവല്‍ സെമിനാറിന്റെ ഏകോപനം നിര്‍വഹിച്ചു.
ഭൂവിനിയോഗ കമ്മീഷണര്‍ എ. നിസാമുദ്ദീന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
    (പി.ആര്‍.പി. 251/2019)

 

date