Skip to main content

തെരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി വിവിപാറ്റ് പരിചയപ്പെടുത്താന്‍ 24 മുതല്‍ മോക് പോളിങ്

 

** നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നാലു കേന്ദ്രങ്ങളില്‍ 90 മിനിറ്റ്
   മോക് പോളിങ്
** തെരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കണമെന്നു കളക്ടര്‍
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ തുടങ്ങി. വോട്ടിങ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വിവിപാറ്റ് സമ്പ്രദായത്തെക്കുറിച്ചു സമ്മതിദായകരെ ബോധവാന്മാരാക്കുന്നതിനുമായി ഫെബ്രുവരി 24 മുതല്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ മോക് പോളിങ് നടത്തും. ഇലക്ഷന്‍ പ്രചാരണത്തിലടക്കം ഹരിതചട്ടം പാലിക്കാ നും പ്രചാരണ സാമഗ്രികള്‍ കഴിവതും പ്രകൃതി സൗഹൃദ വസ്തുക്കള്‍കൊണ്ടുതന്നെ തയാറാക്കാനും രാഷ്ട്രീയ കക്ഷി നേതാക്കളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അഭ്യര്‍ഥിച്ചു.
വോട്ട് ശരിയായി രേഖപ്പെടുത്തിയെന്ന് സമ്മതിദായകന് ഉറപ്പിക്കാനായാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനിന്റെ ഭാഗമായി വോട്ടര്‍ വെരിഫിക്കബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പാക്കിയത്. രേഖപ്പെടുത്തിയ വോട്ടിന്റെ വിവരം കടലാസ് സ്ലിപ്പിലൂടെ കാണിക്കുന്നതാണ് ഈ സംവിധാനം. ഇതേക്കുറിച്ച് സമ്മതിദായകരെ ബോധവാന്മാരാക്കുന്നതിനായാണ് 24 മുതല്‍ പ്രചാരണ പരിപാടിക്ക് ജില്ലാ ഭരണകൂടം രൂപംനല്‍കിയിരിക്കുന്നത്.
ഒരു നിയമസഭാ മണ്ഡലത്തില്‍ മൂന്ന് എന്ന കണക്കില്‍ 42 ടീമുകളായാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വിവിപാറ്റ് മെഷീന്‍ പരിചയപ്പെടുത്താനെത്തുന്നത്. ഒരു ദിവസം നാലു കേന്ദ്രങ്ങളില്‍ മോക് പോളിങ് നടത്തും. 90 മിനിറ്റോളമാകും മോക് പോളിങ്. ഫെബ്രുവരി 28 വരെയാണ് ആദ്യഘട്ട ബോധവത്കരണം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമാകും രണ്ടാം ഘട്ട ബോധവത്കരണ പരിപാടികള്‍.
വോട്ടര്‍ പട്ടികയില്‍ ഇനിയും പേരു ചേര്‍ക്കാനുള്ള സമ്മതിദായകര്‍ക്ക് ഇപ്പോഴും പേരു ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. 18 വയസ് കഴിഞ്ഞ ആര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാമെന്നും കളക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ള കാര്യങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നു കളക്ടര്‍ അഭിപ്രായപ്പെട്ടു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, അസിസ്റ്റന്റ് കളക്ടര്‍ പ്രിയങ്ക, ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
                                (പി.ആര്‍.പി. 252/2019)

 

date