Skip to main content

ഗദ്ദിക പരമ്പരാഗത മേളയ്ക്ക് നാളെ ആറ്റിങ്ങലില്‍ തിരിതെളിയും

 

** ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും
**പരമ്പരാഗത ഉത്പന്നങ്ങള്‍ക്കായി 80-ഓളം സ്റ്റാളുകള്‍
**അന്യംനില്‍ക്കുന്ന ഗോത്രകലാരൂപങ്ങള്‍ നേരിട്ടു കാണാം

പാരമ്പര്യ കലാരൂപങ്ങളും ഉത്പന്നങ്ങളും നാട്ടറിവുകളും വിരുന്നൊരുക്കുന്ന ഗദ്ദിക മേളയ്ക്ക് നാളെ (ഫെബ്രുവരി 23) ആറ്റിങ്ങല്‍ മാമം മൈതാനത്ത് തുടക്കം. വൈകിട്ട് 5.30ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം തിരിതെളിക്കും. തനതു ഗോത്ര കലാരൂപങ്ങളും ഗോത്ര രുചിക്കൂട്ടുകളും പൈതൃകമായി പകര്‍ന്നുകിട്ടിയ വൈദ്യചികിത്സാ രീതികളും സമ്മേളിക്കുന്ന മഹാമേളയാണ് മാര്‍ച്ച് നാലു വരെ ആറ്റിങ്ങലില്‍ നടക്കുന്നത്.
പട്ടികജാതി - പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉത്പന്നങ്ങള്‍ക്കു വിപണി കണ്ടെത്താനും അന്യംനിന്നുപോകുന്ന കലകള്‍ സംരക്ഷിക്കുന്നതിനുമായാണ് പട്ടികജാതി - പട്ടികവര്‍ഗ വകുപ്പും കിര്‍ത്താഡ്‌സും ചേര്‍ന്ന് വര്‍ഷംതോറും ഗദ്ദിക എന്ന പേരില്‍ മേള സംഘടിപ്പിക്കുന്നത്. ആറ്റിങ്ങലിലെ മേള തെക്കന്‍ കേരളത്തിനു പുതുമ പകരുന്നതാകുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ ബി. സത്യന്‍ എം.എല്‍.എ. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 80-ല്‍പ്പരം സ്റ്റാളുകളാണ് മാമം മൈതാനത്ത് ഒരുങ്ങുന്നത്. വംശീയ വൈദ്യന്മാരുടെ സ്റ്റാളുകളും ഇതിനൊപ്പമുണ്ടാകും. സ്വാദേറുന്ന വംശീയ ഭക്ഷണ മേളയും ഗദ്ദികയുടെ പ്രത്യേകതയാകും.

ഗോത്ര ചിത്രകലയും വംശീയ ഭക്ഷണം തയാറാക്കുന്നതും പരിചയപ്പെടുത്തുന്ന പ്രദര്‍ശന വേദിയും തയാറാകുന്നുണ്ട്. ഗോത്ര കലാരൂപങ്ങളായ ആട്ടം, ചാമുണ്ഡി തെയ്യം, പളിയ നൃത്തം, പൂപ്പട തുള്ളല്‍, കേത്രാട്ടം, മലകുടിയ നൃത്തം, ഊരാളിക്കൂത്ത്, നാടന്‍ പാട്ടുകള്‍ തുടങ്ങിയ കലാരൂപങ്ങളും ഗദ്ദികയ്ക്കു മിഴിവേകും.
നാളെ വൈകിട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പട്ടികജാതി - പട്ടികവര്‍ഗ - പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിക്കും. എ. സമ്പത്ത് എം.പി, ബി. സത്യന്‍ എം.എല്‍.എ, ആറ്റിങ്ങല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം. പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് നാലിന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.
പൂര്‍ണമായി ഹരിത ചട്ടം പാലിച്ചാണു മേള സംഘടിപ്പിക്കുന്നത്. രാവിലെ പത്തു മുതല്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളുകളില്‍ പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.
  (പി.ആര്‍.പി. 253/2019)

 

date