Skip to main content

പി.ആര്‍.ഡി ഫോട്ടോപ്രദര്‍ശനം കാണാന്‍  ജനത്തിരക്കേറുന്നു

 

ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ബീച്ചില്‍ ഉത്പ്പന്ന പ്രദര്‍ശന വിപണനമേളയില്‍ ശ്രദ്ധേയമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശന സ്റ്റാള്‍. കഴിഞ്ഞ ആയിരം ദിവസം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി ക്ഷേമപദ്ധതികളുടെ നേര്‍ക്കാഴ്ചയായ ഫോട്ടോപ്രദര്‍ശനം സന്ദര്‍ശകരെ സ്റ്റാളിലേക്ക് ആകര്‍ഷിക്കുകയാണ്. പ്രളയാനന്തരം കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളടക്കം  77 ഫോട്ടോകളാണ് സ്റ്റാളിലുള്ളത്. പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ പ്രതിപാദിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ സ്റ്റാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യമായി ലഭിക്കും. 
     പ്രളയാനന്തരം 6.87 ലക്ഷം പേര്‍ക്ക് അടിയന്തിര സഹായം, പ്രവാസികള്‍ക്ക് സാന്ത്വനം, വനിതാമതില്‍, നിപയെ തോല്‍പ്പിച്ച കേരളം, ഇന്‍ഫോ പാര്‍ക്കുകളുടെ വികസനം, സാംസ്‌കാരിക കേരളത്തിന്റെ കുതിപ്പ്, ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍, കേരളത്തിന്റെ അഭിമാനമായ കണ്ണൂര്‍ വിമാനത്താവളം, അന്താരാഷ്ട്ര നിലവാരത്തില്‍ വൈറോളജി ഗവേഷണ കേന്ദ്രം തുടങ്ങി സര്‍ക്കാര്‍ ജനകീയമാക്കിയ പദ്ധതികളാണ് 17 സ്റ്റാളുകളിലായി ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ നാല് മിഷനുകളായ ആര്‍ദ്രം, ഹരിത കേരളം, ലൈഫ്മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജം എന്നിവയെ പ്രതിപാദിക്കുന്ന ചിത്രങ്ങളും പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന സഹായങ്ങളും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ സഹായങ്ങള്‍, കായിക മേളയുടെ കുതിപ്പ്, പി.എസ്.സി വഴി നല്‍കിയ നിയമനങ്ങളുടെ കണക്ക് എന്നിവയും ഫോട്ടോകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 27 വരെ രാവിലെ 10 മണി മുതല്‍ രാത്രി ഒമ്പത് വരെ ഫോട്ടോ പ്രദര്‍ശനം കാണാനുള്ള അവസരമുണ്ട്. 

date