Skip to main content

അനന്തപുരിക്കിന്ന് 'നോക്കുപാവ വിദ്യ' ആസ്വദിക്കാം

 

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള പ്രദര്‍ശന നഗരിയിലെത്തുന്നവര്‍ക്ക് നോക്കുപാവ വിദ്യ ആസ്വദിക്കാന്‍ അവസരം. അന്യംനിന്നു പോകുന്ന ഗ്രാമീണ കലാരൂപമായ നോക്കുപാവ വിദ്യ ഇന്ന് (ഫെബ്രുവരി 22) വൈകിട്ട് 6.30ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പ്രത്യേക വേദിയില്‍ അരങ്ങേറും. ഇതിഹാസങ്ങളിലേയും പുരാണങ്ങളിലേയും ചില       പ്രത്യേക മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന പാട്ടിനൊത്ത് മേല്‍ച്ചുണ്ടില്‍ രണ്ടടി നീളമുള്ള കമുകിന്‍ തണ്ടില്‍ പാവകളെ നൃത്തംചെയ്യിക്കുന്ന കലയാണ് നോക്കുപാവ വിദ്യ.

രാവിലെ പത്തിന് കവിതാരചനാ മത്സരവും ഉച്ചതിരിഞ്ഞ് മൂന്നിന് വിദ്യാഭ്യാസവും സാമൂഹിത പുരോഗതിയും എന്ന വിഷയത്തില്‍ സെമിനാറും നടക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്ന സെമിനാറിന് സമഗ്ര ശിക്ഷാ ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. പി.പി പ്രകാശ്, ഡോ. കെ.എന്‍ ഗണേഷ് എന്നിവരാണ് വിഷയാവതരണം നടത്തുന്നത്. ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജോണ്‍.വി. സാമുവല്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

വൈകിട്ട് 7.15ന് മാനവികതയുടെ സന്ദേശവും സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന അപ്പന്‍ പറഞ്ഞ കഥകള്‍, സങ്കടക്കൂട് എന്നീ കുട്ടികളുടെ നാടകങ്ങളും വേദിയില്‍ അരങ്ങേറും. നാടകക്കൂട്ടാണ് നാടകം രംഗത്തെത്തിക്കുന്നത്.
 (പി.ആര്‍.പി. 259/2019)

 

date