Skip to main content
ആരോഗ്യ ജാഗ്രത ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആരോഗ്യ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് അവതരിപ്പിക്കുന്ന പാവനാടകം

ആരോഗ്യ ബോധവത്കരണവുമായി പാവനാടകം

 

 

 സര്‍ക്കാരിന്റെ  ആയിരം ദിനാഘോഷത്തോടനുബന്ധിച്ച്  നടന്ന ആരോഗ്യ ജാഗ്രത ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്ക്കരണം ലക്ഷ്യമിട്ട് അവതരിപ്പിച്ച  പാവനാടകം ജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി .  ഡെങ്കിപ്പനി, എലിപ്പനി, ടൈഫോയ്ഡ്, മലമ്പനി തുടങ്ങിയ ജലജന്യ - കൊതുക് ജന്യ രോഗങ്ങളെ കുറിച്ചും  പ്രതിരോധ, മുന്‍കരുതല്‍ മാര്‍ഗങ്ങളുമാണ് പാവ നാടകത്തിലൂടെ അവതരിപ്പിച്ചത്.

പരിസര ശുചീകരണത്തിന് പ്രാധാന്യം നല്കാതെ വ്യക്തി ശുചിത്വത്തില്‍ മാത്രം ശ്രദ്ധിച്ചിരുന്നയാളിന്റെ കഥയാണ് നാടകത്തിലൂടെ ആവിഷ്‌ക്കരിച്ചത്്. ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നിവ പരത്തുന്ന കൊതുകുകളുടെയും  എലിപ്പനി വ്യാപിപ്പിക്കുന്ന എലികളുടെയും സംഭാഷണത്തിലൂടെയാണ് നാടകം പുരോഗമിച്ചത്. പകര്‍ച്ചവ്യാധികളുടെ ലക്ഷണം, രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍, മുന്‍കരുതല്‍, ചികിത്സ എന്നിവ സംബന്ധിച്ച് സംഭാഷണത്തിലൂടെയും പാട്ടുകളിലൂടെയും അവതരിപ്പിച്ച പാവനാടകം ആരോഗ്യ ,ശുചിത്വ ബോധവത്ക്കരണത്തിന്റെ വേറിട്ട മാതൃകയായി. 16 പാവകളാണ് നാടകത്തിനായി ഒരുക്കിയത്.    കയ്യുറ പാവകളാണ് പാവനാടകത്തിന് ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് ബോള്‍, പ്ലാസ്റ്റിക് കുപ്പികള്‍, എക്‌സറേ ഫിലിം,  പേപ്പറുകള്‍ തുടങ്ങിയ പാഴ് വസ്തുക്കള്‍ ഉപയോഗിച്ചാണ്  കയ്യുറപ്പാവ നിര്‍മിക്കുന്നത്.  മലപ്പുറം സ്വദേശികളായ പ്രേമന്‍ ചെമ്രക്കട്ടൂര്‍, സുബ്രഹ്മണ്യന്‍ ചെമ്രക്കട്ടുര്‍ , രാജന്‍ പരപ്പനങ്ങാടി എന്നീ മൂവര്‍ സംഘമാണ് പാവനാടകത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. വ്യത്യസ്ഥമായ പാവ നാടകം കാണികളില്‍ ഏറെ കൗതുകമുണര്‍ത്തി.

date