Skip to main content

പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും കുരുന്നുകളുടെ സംഗമവും നാളെ

 

    ദേശീയ ആരോഗ്യ ദൗത്യം, ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസ്, ക്യാന്‍സര്‍ സെന്റര്‍, ഡെന്റല്‍ കോളേജ് എന്നി വിടങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും ഹൃദ്യം പദ്ധതിയിലൂടെ വിജയകരമായി സര്‍ജറി പൂര്‍ത്തിയാക്കിയ കുരുന്നുകളുടെ സംഗമവും നാളെ (ഫെബ്രുവരി 23) കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടക്കും. 
     പ്രസവാനന്തരം അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതവും സൗജന്യമായി വീട്ടിലേക്ക് യാത്രസൗകര്യമൊരുക്കുന്ന മാതൃയാനം പദ്ധതി, ആധുനിക സൗകര്യങ്ങളോടെ കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി തയ്യാറാക്കിയ ക്ഷയരോഗ പരിശോധന കള്‍ച്ചറല്‍ ലാബ്, കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്കായി പീഡിയാട്രിക് കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം,  കെഎച്ച് ആര്‍.ഡബ്ള്യൂ.എസ് തയ്യാറാക്കിയ സിടി സ്‌കാന്‍ യൂണിറ്റ്, ദന്തല്‍ കോളേജിലെ കോണ്‍ബീം സിടി സ്‌കാന്‍, മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റ്, ക്യാന്‍സര്‍ സെന്ററിലെ അത്യാധുനിക സ്താനാര്‍ബുദ നിര്‍ണയ ഉപാധിയായ ഡിജിറ്റല്‍ മാമോഗ്രാം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിലെ അള്‍ട്രാസൗണ്ട് സ്‌കാന്‍ എന്നിവയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി  കെകെശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും.  
    അറോറ ഓഡിറ്റോറിയത്തില്‍ ഉച്ചയക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ എം എല്‍.എ പ്രദീപ് കൂമാര്‍ എ അധ്യക്ഷത വഹിക്കും. എം.പി എം.കെ രാഘവന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി,  കലക്ടര്‍  ശ്രീരാംസാംബശിവറാവു ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ ആര്‍.എല്‍ സരിത എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് 12.30 ന്  മാതൃശിശുസംരക്ഷണകേന്ദ്രത്തിലെ നിള ഓഡിറ്റോറിയത്തില്‍ ഹൃദ്യം പദ്ധതിയിലൂടെ വിജയകരമായ സര്‍ജറി പൂര്‍ത്തിയാക്കിയ കുരുന്നുകളുടെ സംഗമവും നടക്കും.  ചടങ്ങില്‍ സുപ്രസിദ്ധ ഗായിക  ശ്രേയ ജയദീപ് പങ്കെടുക്കും.

date