Skip to main content

കാര്‍ഷികരംഗത്തെ സമഗ്ര ചര്‍ച്ചകളുമായി വികസന സെമിനാറിന്റെ ഒന്നാം ദിനം

 

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച വികസന സെമിനാറില്‍ പച്ചക്കറി കൃഷിയിലെ നൂതന പ്രവണതകളും കാര്‍ഷിക രംഗത്തെ ജൈവകൃഷി രീതികളും കൃഷി വകുപ്പ് റിട്ടയേര്‍ഡ് ഡയറക്ടര്‍ സാരംഗന്‍ വിവരിച്ചു. കേരള കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച സെമിനാറില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീല സ്വാഗതം പറഞ്ഞു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ മിനി സെമിനാര്‍ നിയന്ത്രിച്ചു. 

മാറിയ കൃഷിരീതികള്‍ ആവാസ വ്യവസ്ഥയെയും ജൈവ വൈവിധ്യത്തെയും നശിപ്പിച്ചതായും സംസ്ഥാനത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഭീദിതമായ അളവില്‍ താഴ്ന്നു പോയെന്നും മഴയിലൂടെ ലഭിക്കുന്ന വെള്ളം ഭൂമിക്കടിയില്‍ എത്തിച്ചില്ലെങ്കില്‍ സംസ്ഥാനം രൂക്ഷമായ വരള്‍ച്ച നേരിടുമെന്നും കിണര്‍  റിച്ചാര്‍ജിംഗ്, മഴക്കുഴി നിര്‍മ്മാണം എന്നിവയിലൂടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. 

ബീജാമൃതം, കൃഷി പരിപാലനം, മത്തി ശര്‍ക്കര ലായനി, അമ്യതപാനി ലായനി, പഞ്ചഗവ്യം, വേപ്പിന്‍ കുരുസത്ത് തുടങ്ങിയ നൂതന ജൈവിക കീടനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സെമിനാറില്‍ കാണികള്‍ക്ക് പരിചയപ്പെടുത്തി.

രണ്ടാമത്തെ സെഷനില്‍ നവകേരള നിര്‍മ്മിതിയില്‍ ഹരിത കേരള മിഷന്റെ പങ്കിനെ കുറിച്ച് ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രകാശ് വിവരിച്ചു. നവകേരളം ജലസുരക്ഷയും പാരിസ്ഥിതിക സുരക്ഷയ്ക്കും പ്രാധാന്യം നല്‍കിയാവണം നിര്‍മ്മിക്കേണ്ടതെന്നും നീര്‍ത്തട സംരക്ഷണ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി വേണം വികസനം നടത്തേണ്ടതെന്നും സെമിനാറില്‍ അഭിപ്രായപ്പെട്ടു,

മൂന്നാമത്തെ സെഷനില്‍ കാര്‍ഷിക മുന്നേറ്റത്തിന് കൃഷി യന്ത്രങ്ങളുടെ പങ്കിനെക്കുറിച്ച് കൃഷി അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അഹമ്മദ് കബീര്‍ വിഷയാവതരണം നടത്തി. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് കൃഷി യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, ജില്ലയില്‍ ലഭ്യമായ കാര്‍ഷിക യന്ത്ര സേവനദാതാക്കളായ അഗ്രോ സര്‍വീസ് സെന്റര്‍ , കാര്‍ഷിക കര്‍മ്മസേന എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന യന്ത്രവല്‍ക്കരണ മിഷന്‍ ഈ മേഖലയിലെ മുഴുവന്‍ യന്ത്രങ്ങളും പരിരക്ഷിക്കുന്നതിന് വേണ്ടി യന്ത്ര പരിരക്ഷണ യജ്ഞം ആരംഭിച്ചതായി സെമിനാറില്‍ അഭിപ്രായപ്പെടു. ജില്ലയിലെ തരിശ് നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന്   യന്ത്രസഹായം ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യവും സെമിനാര്‍ വിശദീകരിച്ചു. 

date