Skip to main content

സംസ്ഥാനസര്‍ക്കാര്‍ 1000ദിനാഘോഷം  ബാലവേല; കുട്ടികളുടെ പുനരധിവാസം  കാര്യക്ഷമമാക്കണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ

ബാലവേലയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹോട്ടലുകളിലെ പിന്നാമ്പുറങ്ങളിലും മറ്റും ബാലവേല ചെയ്യുന്ന കുട്ടികളുടെ പുനരധിവാസം  കാര്യക്ഷമമാക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുട്ടികളുടെ പ്രായമനുസരിച്ച് എല്ലാവിധ സഹായങ്ങളും ഉറപ്പാക്കാന്‍  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം ജില്ലാതല ഉദ്ഘാടനവും ശില്‍പശാല ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 

അഡ്വ.കെ സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന സമൂഹത്തിന് ബോധവത്കരണം നടത്താന്‍ ക്യാംപയിനുകള്‍ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

 

ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ മെമ്പര്‍ ഡോ.എം പി ആന്റണി മുഖ്യ സന്ദേശം നല്‍കി. 

 

ചടങ്ങില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാരം ജേതാവായ കാണക്കാരി ഗവ.വി എച്ച് എസ് ഇ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് എസിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ സമ്മാനിച്ചു. ജില്ലാതല ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ആശാമോള്‍ കെ വി, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.യു മേരിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

 

ജില്ലാ വനിത ശിശു വികസന ഓഫീസര്‍ പി.എന്‍ ശ്രീദേവി സ്വാഗതവും ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ നന്ദിയും പറഞ്ഞു. 

 

ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം - ബാലാവകാശ സംരക്ഷണ കമ്മീഷന്റെ സമീപനം, ബാലസംരക്ഷണ സംവിധാനങ്ങളും സേവനങ്ങളും ബാലനീതി നിയമം ഐ സി പി എസ് പദ്ധതിയുടെ പശ്ചാത്തലത്തില്‍, കുട്ടികളുടെ അവകാശ സംരക്ഷണ പദ്ധതികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പദ്ധതി രൂപീകരണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു. ഡോ.എം പി ആന്റണി, അഡ്വ.രശ്മി ആര്‍ എസ്, അമാനത്ത് പി എ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

date