Skip to main content

വ്യത്യസ്ത കൃഷിരീതികളും കാര്‍ഷികോത്പന്നങ്ങളും പരിചയപ്പെടുത്തി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് സ്റ്റാള്‍

 

പാവയ്ക്ക കൊണ്ടൊരു വ്യാളി, കാബേജും ക്യാരറ്റും ബീറ്റ്‌റൂട്ടും കൊണ്ട്  മയില്‍, പച്ചമുളക് ഉപയോഗിച്ചൊരു കോഴി, വിവിധയിനം പൂക്കള്‍ കൊണ്ടുണ്ടാക്കിയ ബൊക്കെകള്‍... സംസ്ഥാന സര്‍ക്കാരിന്റെ 1000 ദിനത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഒരുക്കിയ സ്റ്റാളില്‍ വെജിറ്റബിള്‍ കാര്‍വിംഗിലൂടെയും ഫ്‌ലവര്‍ അറേഞ്ച്‌മെന്റിലൂടെയും നിര്‍മ്മിച്ച രൂപങ്ങളാണിവയൊക്കെ. മില്‍ക്ക് ഫ്രൂട്ട്, ബെര്‍ഫ്രൂട്ട്, വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി ചക്ക, ഡ്രാഗണ്‍ ഫ്രൂട്ട്, ദുരിയാന്‍, മിറക്കിള്‍ ഫ്രൂട്ട്, ലോങ്ങന്‍ എന്നീ വിദേശ  ഫലവര്‍ഗ്ഗങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടാനും ഇവിടെ അവസരമുണ്ട്.

 

     കോട്ടയം ബ്ലോക്ക്, ഉഴവൂര്‍ ബ്ലോക്ക്, മാടപ്പളളി ബ്ലോക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് പ്രധാനമായും ഈ സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. മള്‍ട്ടി ലെയര്‍ ഗ്രോബാഗ്, അക്വാപോണിക്‌സ് കൃഷി രീതി എന്നിവ പൊതുജനങ്ങളെ പരിചയപ്പെടുത്താനായി അവയുടെ മോഡലുകള്‍ സ്റ്റാളിന്റെ മുന്‍വശത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട്. ഒരു വലിയ വീപ്പയ്ക്കകത്ത് പല തട്ടുകളിലായി പച്ചക്കറികള്‍ വളര്‍ത്തുന്ന രീതിയാണ് മള്‍ട്ടി ലെയര്‍ ഗ്രോബാഗ്. ഇതിന്റെ നടുവില്‍ ഒരു പൈപ്പ് കമ്പോസ്റ്റ് സ്ഥാപിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങള്‍ ഇതില്‍ നിക്ഷേപിക്കാം. മണ്ണിരകളെ ഇതില്‍ നിക്ഷേപിച്ച് ഈ അവശിഷ്ടങ്ങളെ മണ്ണിര കമ്പോസ്റ്റാക്കി മാറ്റുകയും വീപ്പയുടെ അടിവശത്ത് സ്ഥാപിച്ചിട്ടുള്ള പൈപ്പ് വഴി ഇത് ശേഖരിക്കുകയുമാണ് ചെയ്യുന്നത്. കുറുപ്പുന്തറ കാര്‍ഷിക സേവന കേന്ദ്രം നിര്‍മ്മിച്ച മള്‍ട്ടി ലെയര്‍ ഗ്രോബാഗാണ് പ്രദര്‍ശനത്തിലുള്ളത്. 6000 രൂപയാണ് ഇതിന്റെ വില.

ഹൈഡ്രോപോണിക്‌സ് ,അക്വാകള്‍ച്ചര്‍ എന്നീ രീതികള്‍ സംയോജിപ്പിച്ചുള്ള കൃഷി രീതിയാണ് അക്വാപോണിക്‌സ്. മണ്ണിന് പകരം മെറ്റലാണ് ഇതില്‍ ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ കീടങ്ങളുടെ ആക്രമണം ഉണ്ടാകുന്നില്ല. പ്രത്യേക വള പ്രയോഗത്തിന്റെ ആവശ്യവും ചെടികള്‍ക്കില്ല. മീനുകള്‍ പുറം തള്ളുന്ന നൈട്രജന്‍ ആണ്  വളമായി ലഭിക്കുന്നത്.

 

ചെടികള്‍ക്കായി ഗോമൂത്രം, ചാണകം, പാല്‍, മോര് ,നെയ്യ് എന്നിവ കൊണ്ട് നിര്‍മ്മിക്കുന്ന ജീവാമൃതം ടോണിക്കും, ജൈവവളങ്ങളും, സ്യൂഡോമോണസ്, ചാണകം, എല്ലുപൊടി, കടലപിണ്ണാക്ക്, കക്ക എന്നീ വളങ്ങളും മാവ്, പ്ലാവ്, നാരകം, ചെറി, ആര്യവേപ്പ്, സപ്പോട്ട, ബിലുമ്പി, കുടംപുളി, പേര, എന്നിവയുടെ തൈകളും വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. 15 മുതല്‍ 75 രൂപ വരെയാണ് മരത്തൈകളുടെ വില. കോഴയിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നുമുള്ള പച്ചക്കറിത്തൈകളും വിത്തുകളും ഇവിടെയുണ്ട്. വഴുതന,വെള്ളരിക്ക, വെണ്ട, പയര്‍, തക്കാളി,  പാവയ്ക്ക എന്നിവയുടെ  തൈകളും ചീര, പയര്‍, വെണ്ട, മുളക്, പാവല്‍ എന്നീ വിത്തുകളും ഉണ്ട്.  പച്ചക്കറിത്തൈക്ക് മൂന്ന് രൂപയും വിത്തുകളുടെ പായ്ക്കറ്റിന് പത്ത് രൂപയുമാണ് ഈടാക്കുന്നത്. കെയിന്‍ വയലറ്റ്, സ്വിസ്ചാഡ്, നോര്‍ക്കോള്‍ എന്നിങ്ങനെയുള്ള വിദേശയിനം  കറി ഇലകളും പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്.

date