Skip to main content

കളികളിലൂടെ കണക്ക്, പരീക്ഷിച്ചറിഞ്ഞ് ശാസ്ത്ര പഠനം

ബി ആര്‍ സി സമഗ്ര ശിക്ഷ വഴി വിദ്യാലയങ്ങളില്‍ നടത്തിയ പഠന പോഷണ പരിപാടികളുടെ പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടുകളും അവതരിപ്പിച്ച്  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ കൗതുകമാകുന്നു. ഗണിത വിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, സുലിലി ഹിന്ദി, ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെ പുരോഗമന റിപ്പോര്‍ട്ടുകളാണ് സ്റ്റാളില്‍ ഒരുക്കിയിരിക്കുന്നത്. ഒപ്പം കുട്ടികള്‍ക്ക്  കണക്കും ശാസ്ത്രവും രസകരമായി പഠിക്കാവുന്ന തരത്തില്‍ ഗണിത പസിലും  ശാസ്ത്ര പാര്‍ക്കും ഒരുക്കിയിട്ടുണ്ട്.
കുട്ടികളില്‍ സംഖ്യാബോധവും ചതുഷ്‌ക്രിയകളും  ഉറപ്പിക്കാനും  അളവ്, സമയം , തൂക്കം എന്നിവ സമഗ്രമായി പഠിക്കാനുമുള്ള ഉപകരണങ്ങളാണ്  ഗണിത പസിലില്‍ ഉള്ളത്. ഗണിത വിജയം പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്ന ഈ പരിപാടി സ്‌കൂളുകളില്‍ മൊഡ്യൂള്‍ സഹിതമാണ് പഠിപ്പിക്കുന്നത്. എല്‍ പി തലങ്ങളില്‍ ഇതിനായി അധ്യാപകര്‍ക്ക് ട്രൈ ഔട്ടും നല്‍കിക്കഴിഞ്ഞു. യു.പി തലങ്ങളില്‍ എം.ഡി പിഎസ് യു പി എസ് ഏഴൂര്‍, എ എം യു പി എസ് വെട്ടം, ജി എം യു പി എസ് പറവണ്ണ, ജി.എം.യു പി.എസ് വിപി അങ്ങാടി എന്നീ സ്‌കൂളുകളിലെ അധ്യാപകര്‍ക്കുള്ള ട്രൈ ഔട്ടാണിപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് സ്റ്റാള്‍ വളണ്ടിയര്‍ പറഞ്ഞു. സയന്‍സ് ലാബിന്റെ പുതിയ രൂപത്തിലാണ്  ശാസ്ത്ര പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സംഗീത ദണ്ഡുകള്‍,  സ്പ്രിംഗിലെ മനുഷ്യന്‍, പെന്‍ഡുലം ചെയിന്‍, ബെര്‍ണോളിയുടെ തത്വം തുടങ്ങിയ ശാസ്ത്ര തത്വങ്ങളുടെ പ്രായോഗികതയാണ് പുറത്തൂര്‍ ജി യുപി സ്‌കൂള്‍ ഒരുക്കിയ ശാസ്ത പാര്‍ക്കിലുള്ളത്.   

date