Skip to main content

പ്രദര്‍ശന നഗരിയില്‍ കൗതുകമായി ഏഴാം ക്ലാസുകാരിയുടെ ചിത്ര പ്രദര്‍ശനം

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയില്‍ കൗതുകമായി ഏഴാം  ക്ലാസുകാരിയുടെ ചിത്രപ്രദര്‍ശനം. ചേന്നര വി.വി.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ  സൗപര്‍ണിക രമേഷിന്റെ 17 ഓളം ചിത്രങ്ങളാണ് തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തോട് ചേര്‍ന്നൊരുക്കിയ പ്രദര്‍ശന നഗരിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. വള്ളത്തോള്‍ നാരായണ മേനോന്‍, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ പൊറ്റക്കാട്, ഒ.വി വിജയന്‍ ,ലളിതാംബിക അന്തര്‍ജനം, കുഞ്ഞുണ്ണി മാഷ് തുടങ്ങിയവരുടെ  ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ആളുകളുടെ  മുഖം വരക്കാനാണ് സൗപര്‍ണികക്ക് കൂടുതല്‍ ഇഷ്ടം. ഇരുന്നു കൊടുത്താല്‍  പത്ത് മിനുട്ടിനുള്ളില്‍ തന്നെ ചിത്രം വരച്ച് കയ്യില്‍ കൊടുക്കുമെന്ന് അമ്മ സിമി പറയുന്നു. മംഗലം പഞ്ചായത്തിലെ സാക്ഷരതാ പ്രേരക്  കൂടിയാണ് സിമി.
 സൗപര്‍ണികയുടെ  രണ്ടാമത്തെ ചിത്രപ്രദര്‍ശനമാണ് തിരൂരിലേത്. സ്‌കൂളില്‍ നടത്തിയ ആദ്യ പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തന്റെ കഴിവിന് എന്നും   പ്രോത്സാഹനം നല്‍കുന്ന സ്‌കൂളിലെ മണികണ്ഠന്‍ മാഷാണ് സൗപര്‍ണി കക്ക് ആയിരം ദിനാഘോഷത്തിലും അവസരം ഒരുക്കി കൊടുത്തത്.  വരച്ച ചിത്രങ്ങളില്‍ പത്ത് ശതമാനം മാത്രമേ ഇവിടേക്ക് കൊണ്ടുവരാനായുള്ളു.    സൗപര്‍ണ്ണികയുടെയും സഹോദരങ്ങളായ സൗരൂപിന്റെയും സൂര്യഗായത്രിയുടെയും ചിത്രങ്ങള്‍ കൊണ്ട് വാടക വീടും ചുമരും നിറഞ്ഞിരിക്കുകയാണ്.
 നാഷണല്‍ ആര്‍ട്ടിസ്റ്റ് യൂണിയന്‍ തിരൂര്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത  അനില്‍ കുമാര്‍ എം എല്‍ എ യുടെ ചിത്രവും നിമിഷങ്ങള്‍ക്കകം വരച്ച് നല്‍കിയിട്ടുണ്ട്.    യൂണിവേഴ്‌സല്‍ ആര്‍ട്‌സ് സ്‌കൂള്‍ ഓഫ് ഫൈനാര്‍ട്‌സ് സംഘടിച്ചിച്ച   'വര്‍ണോത്സവം' അഖിലേന്ത്യാ ബാല ചിത്രരചനാ മത്സരത്തില്‍ വിജയി കൂടിയാണ് സൗപര്‍ണിക . ഈ വരുന്ന മാര്‍ച്ച് 30ന്  കോഴിക്കോട് ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സമ്മാനം സ്വീകരിക്കാനൊരുങ്ങുകയാണ് ഈ  കൊച്ചു മിടുക്കി.

 

date