Skip to main content

അതിജീവനത്തിന്റെ പുതു പാഠം പകര്‍ന്ന് മ്യൂസിക് ഓണ്‍ വീല്‍സ്

അതിജീവനത്തിന്റെ പുതു പാഠം പകര്‍ന്ന് മ്യൂസിക് ഓണ്‍ വീല്‍സ് ടീം  അവതരിപ്പിച്ച ഗാന സന്ധ്യ നവ്യാനുഭവമായി. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തിരൂരില്‍ സംഘടിപ്പിക്കുന്ന മികവ് പ്രദര്‍ശന നഗരിയിലെ സാംസ്‌കാരിക സായാഹ്ന വേദിയിലാണ് ഭിന്ന ശേഷിയെ  പാട്ടുംപാടി അതി ജീവിച്ചവരുടെ കൂട്ടായ്മ ഗാനവിരുന്നൊരുക്കിയത്. ബദറുസ്സമാന്‍ മൂര്‍ക്കനാട്, മഞ്ചേരി ത്യക്കലങ്ങോട് പള്ളിപ്പടി സ്വദേശികളും സഹോദരികളുമായ ബിജില, ബിജിന, സാദിഖ് കിടങ്ങയം, വിവേക് ചെറുകര, ഉദയന്‍ മലപ്പുറം, ഫാരിസ് കോട്ടക്കല്‍, വിഷ്ണുപ്രിയ ചേളാരി എന്നിവരടങ്ങിയ ടീമാണ്  പരിപാടി അവതരിപ്പിച്ചത്. ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഈ കലാ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കു പിന്തുണയുമായി പെരിന്തല്‍മണ്ണ നഗരസഭയിലെ സാന്ത്വനവും പരപ്പനങ്ങാടിയിലെ ഫെയ്സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുമുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 12 പേരടങ്ങിയ ഈ കൂട്ടായ്മ ഇതിനകം മൂന്ന് വര്‍ഷത്തിനിടെ നൂറിലധികം വേദികളില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു.  വീടിന്റെ നാല് ചുമരുകള്‍ക്കിടയില്‍ തളക്കപ്പെടുമായിരുന്ന ഇവരുടെ വരുമാന മാര്‍ഗം കൂടിയാണിന്ന് ഈ സംഗീത കൂട്ടായ്മ. കല്യാണ വീടുകള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഗമങ്ങള്‍ എന്നിങ്ങനെ ഇവരെ തേടിയെത്തുന്ന വേദികള്‍ പലതാണ്. പാട്ടിനൊപ്പം സ്‌കിറ്റുകളും കോമഡികളും ഫണ്‍ ഗെയിമുകളും മോട്ടിവേഷന്‍ ക്ലാസുകളുമെല്ലാം ഈ കൂട്ടായ്മക്ക് വഴങ്ങും. യാത്ര പരിമിതികളുളളതിനാല്‍ വാട്സ് ആപ് കൂട്ടായ്മയിലാണ് പലപ്പോഴും ഇവരുടെ  പരിശീലനം.
ഇന്നലെ (ഫെബ്രുവരി 21) നടന്ന സാംസ്‌കാരിക സായാഹ്നം തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ബാവ ഉദ്ഘാടനം ചെയ്തു. ആള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് സലീം കിഴിശ്ശേരി, തിരൂര്‍ തഹസില്‍ദാര്‍ പി.വി.സുധീഷ്, നഗരസഭ സെക്രട്ടറി എ.എസ്. നൈസാം എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സൂര്യ തിരുവനന്തപുരം അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമ ലേഖനം എന്ന നാടകം അരങ്ങേറി.

 

date