Skip to main content

സര്‍ക്കാര്‍ 1000 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കും :  മന്ത്രി എം എം മണി ഊര്‍ജോല്‍പ്പാദന രംഗത്ത്‌

സ്വയംപര്യാപ്‌തത നേടുന്നതിനായി സര്‍ക്കാര്‍ 1000 മെഗാവാട്ട്‌ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുമെന്ന്‌ വൈദ്യുതി വകുപ്പ്‌ മന്ത്രി എം.എം.മണി. തൃശൂര്‍ കോര്‍പറേഷന്‍ സോളാര്‍ പ്ലാന്റിന്റെ രണ്ടാം ഘട്ട ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഉല്‍പ്പാദിപ്പിക്കുന്ന 1000 മെഗാവാട്ടില്‍ 500 മെഗാവാട്ട്‌ കെട്ടിടം, വീട്‌, സര്‍ക്കാര്‍ ഓഫീസുകള്‍ മുതലായവയ്‌ക്ക്‌ ചെലവഴിക്കും. ബാക്കി 500 മെഗാവാട്ട്‌ വൈദ്യുതി ജലസേചന പദ്ധതികള്‍ക്കായി വിനിയോഗിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ വൈദ്യുതി ഉല്‌പാദിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കും. വ്യക്തികള്‍ക്കും വൈദ്യുതി ഉല്‌പാദനം നടത്താന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത്‌ സോളാര്‍ വൈദ്യുതി ഉല്‌പാദനം വര്‍ധിപ്പിക്കും. നിലവില്‍ 125 മെഗാവാട്ട്‌ സോളാര്‍ വൈദ്യുതിയാണ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. സംസ്ഥാനത്തിന്‌ ആവശ്യം വേണ്ടുന്ന വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ്‌ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നത്‌. ഇടുക്കിയില്‍ രണ്ടാമതൊരു വൈദ്യുത നിലയം കൂടി സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്‌. ഇതു കൂടി യാഥാര്‍ത്ഥ്യമായാല്‍ വൈദ്യുതി വിലക്കു വാങ്ങാതെ മുന്നോട്ടു പോകാനാവും. അതിരപ്പിള്ളി പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ജില്ലയിലെ വൈദ്യുതിക്ഷാമം പരിഹരിക്കാമെന്നും ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഉപഹാര സമര്‍പ്പണവും ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണവും കൈപ്പുസ്‌തക പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ റാഫി ജോസ്‌, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീബ ബാബു, എം എല്‍ . റോസി, ഡി പി സി അംഗം വര്‍ഗീസ്‌ കണ്ടംകുളത്തി, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍,വൈദ്യുതി വിഭാഗം എന്‍ജിനീയര്‍ ടി.എസ്‌.ജോസ്‌, അസി.സെക്രട്ടറി എം.സുഗധ കുമാര്‍, പി.എക്‌സ്‌. ഫ്രാന്‍സീസ്‌ എന്നിവര്‍ സംസാരിച്ചു.

date