Skip to main content
 ജില്ലാ പഞ്ചായത്തിന്റെ ഷീ നൈറ്റ് ഹോം മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു.

സ്ത്രീകൾക്കായി സുരക്ഷിത കേന്ദ്രം ഒരുങ്ങി  ഷീ നൈറ്റ് ഹോം മന്ത്രി ശൈലജ ടീച്ചർ  ഉദ്ഘാടനം ചെയ്തു

 

ജില്ലാ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ഷീ നൈറ്റ് ഹോം ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ  ഉദ്ഘാടനം ചെയ്തു. 

ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തിയ മികച്ച വനിതാ ഘടകപദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. രാത്രിയിൽ പട്ടണത്തിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും പരീക്ഷയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ജില്ലയിൽ എത്തിച്ചേരുന്ന വിദ്യാർഥിനികൾക്കും ഉദ്യോഗാർഥികൾക്കും ഏറെ ഉപകാരപ്രദമായ ഇത്തരം പദ്ധതികൾ മറ്റുള്ളവർ മാതൃകയാക്കണം.  

സാധാരണയായി നടപ്പിലാക്കുന്ന അച്ചാറ്, പപ്പടം ഉൽപാദനം പോലുള്ള സ്ഥിരം പദ്ധതികളിൽ നിന്ന് വിഭിന്നമായി ചിന്തിക്കാൻ പറ്റണം. എന്താണോ ജനങ്ങൾക്ക് വേണ്ടത്. അത് അറിഞ്ഞ് ചെയ്യാനാകണം. അതിനായി നഗരസഭകൾ മറ്റ് തദ്ദേശ സ്ഥാപനങ്ങൾ  എന്നിവർ ഷീ നൈറ്റ് ഹോം പോലുള്ള സ്ത്രീസൗഹൃദ പദ്ധതികൾ നടപ്പിലാക്കാൻ മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു. ഒറ്റയ്ക്ക് രാത്രികാലങ്ങളിൽ പട്ടണങ്ങളിൽ എത്തിപ്പെടുന്ന സ്ത്രീകൾക്ക് ഹോട്ടലുകളിലും ലോഡ്ജ്കളിലും റൂമുകൾ ലഭിക്കാൻ പ്രയാസമാണ്. അവിടങ്ങളിൽ നിന്ന് നിരവധി ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു. പലർക്കും മുറി ലഭിക്കാറുമില്ല. ഇതിൽ ഒരു ശാശ്വത പരിഹാരം എല്ലാ പ്രദേശങ്ങളിലും ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള വാണിജ്യ സമുച്ചയത്തിൽ എട്ട് പേർക്ക് താമസിക്കാവുന്ന രീതിയിലാണ് ഷീ നൈറ്റ് ഹോം വിശ്രമകേന്ദ്രം തയാറാക്കിയത്. റെയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ്, പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് വിളിപ്പാടകലെയുള്ള ഷീ നൈറ്റ് ഹോം സ്ത്രീകൾക്ക് സൗകര്യത്തോടൊപ്പം സുരക്ഷിതത്വവും ഉറപ്പാക്കുന്നു. 

വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് രാത്രി ഏറെ വൈകി ടൗണിൽ എത്തിച്ചേരുന്ന സ്ത്രീകൾക്കും, പരീക്ഷകൾക്കും അഭിമുഖങ്ങൾക്കുമായി മറ്റിടങ്ങളിൽ നിന്നെത്തുന്ന ഉദ്യോഗാർഥികൾക്കും വിശ്രമിക്കാനും പ്രാഥമിക സൗകര്യങ്ങൾക്കും ഇവിടെ സംവിധാനമുണ്ട്.  27 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഷീ നൈറ്റ് ഹോമിൽ ശീതീകരണ സംവിധാനവും അനുബന്ധമായി ടോയ്‌ലറ്റുകളും ഒരുക്കിയിട്ടുണ്ട്. തൊട്ടടുത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കഫേശ്രീ ഹോട്ടലുമുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ മാർച്ച് ഒന്ന് മുതൽ ഷീ നൈറ്റ് ഹോമിൽ പ്രവേശനം നൽകും.  പരമാവധി 24 മണിക്കൂർ ഒരാൾക്ക് വിശ്രമിക്കാം. ഇതിനായി നിശ്ചിത തുക ഈടാക്കും. മുൻകൂട്ടി ബുക്ക് ചെയ്യാനും സംവിധാനമൊരുക്കും. ഷീ നൈറ്റ് ഹോമിൽ ലൈബ്രറി തയാറാക്കാനും ജില്ലാ പഞ്ചായത്ത് പദ്ധതിയുണ്ട്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ്ബാബു, കെ പി ജയബാലൻ, ടി ടി റംല, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ, ജില്ലാ വനിതാ ക്ഷേമ ഓഫീസർ കെ ബീന എന്നിവർ സംസാരിച്ചു.

 

date