Skip to main content

ഏങ്കള സ്‌കൂളു' പദ്ധതിക്ക് തുടക്കം

 

 

തീരദേശ-തോട്ടം-ഗോത്ര മേഖലകളിലെ വിദ്യാര്‍ത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 'ഏങ്കള സ്‌കൂളു' പദ്ധതിക്ക് കാട്ടിക്കുളം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം.  ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുക, ഊരുകൂട്ടങ്ങള്‍ ശക്തിപ്പെടുത്തുക, തനത് ഭാഷയും കലകളും പ്രോല്‍സാഹിപ്പിക്കുക, മല്‍സരപ്പരീക്ഷകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുക, തനതു ഭക്ഷ്യവിഭവങ്ങള്‍ക്ക് പ്രചാരവും പ്രോല്‍സാഹനവും നല്‍കുക, കായികരംഗത്ത് കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനാവശ്യമായ പരിശീലനവും പിന്തുണയും ഒരുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കാട്ടിക്കുളം സ്‌കൂള്‍ തയ്യാറാക്കിയ തനതു പരിപാടിയാണ് ഏങ്കള സ്‌കൂളു. 

 

   സംസ്ഥാനത്തെ ആറു സ്‌കൂളുകളിലാണ് എന്റിച്ച് പ്രോഗ്രാമിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രണ്ട് അക്കാദമിക വര്‍ഷങ്ങളിലേക്കായി 32.5 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്.  ഊരുല്‍സവങ്ങള്‍, സ്‌കൂള്‍ ഗോത്ര ഫെസ്റ്റ്, കലാ-കരകൗശല-ഗോത്ര വിഭവ ഭക്ഷ്യമേളകള്‍, കായിക കളരി, പഠനവീടുകള്‍, സേഫ് ആന്റ് ക്ലീന്‍ ക്യാമ്പസ്, പഠനയാത്രകള്‍, പഠനോപകരണ വിതരണം, സ്‌കൂള്‍ ടാലന്റ് ലാബ്, പ്രത്യേക പഠന പാക്കേജുകള്‍ എന്നിവ പദ്ധതിയുമായി ഭാഗമായി നടക്കും. ഗോത്രവിഭാഗക്കാരുമായുള്ള അടുപ്പം വര്‍ധിപ്പിക്കുക, മുഴുവന്‍ കുട്ടികളെയും വിദ്യാലയത്തിലെത്തിക്കുക, പഠനനിലവാരം ഉറപ്പുവരുത്തുക, ഉപരിപഠന-തൊഴില്‍ സാധ്യതകളെക്കുറിച്ച് അവബോധം വളര്‍ത്തുക തുടങ്ങിയവ പദ്ധതി ലക്ഷ്യംവയ്ക്കുന്നു. തിരുനെല്ലി, അപ്പപ്പാറ, ബാവലി, കാട്ടിക്കുളം, പാല്‍വെളിച്ചം, പനവല്ലി, ബേഗൂര്‍ എന്നിവിടങ്ങളിലെ കോളനികളില്‍ നിന്ന് എഴുനൂറിലധികം ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികളാണ് കാട്ടിക്കുളം സ്‌കൂളിലുള്ളത്.  അപ്പപ്പാറ ഡിസി യുപി സ്‌കൂളില്‍ നടന്ന ഊരുല്‍സവത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.

date