Skip to main content

ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരം മുഖ്യമന്ത്രി ഇന്ന്(ഫെബ്രുവരി 23) ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ  ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ പ്ലാനിങ് ഓഫീസുകളുടെ ആസ്ഥാന മന്ദിരം ഇന്ന്(ഫെബ്രുവരി 23) രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് പരിസരത്ത് നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ഉന്നത -ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ മുഖ്യാതിഥിയായിരിക്കും. എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്,പി.ഉബൈദുള്ള എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാകലക്ടര്‍ അമിത് മീണ പദ്ധതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലയിലെ എം.എല്‍.എമാര്‍,  ജനപ്രതിനിധികള്‍ തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുക്കും.
സിവില്‍ സ്റ്റേഷനില്‍ പോസ്റ്റോഫീസിന് സമീപം 11.04 കോടി രൂപ ചെലവില്‍  43 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.  ജില്ലാ പ്ലാനിങ് ഓഫീസ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ് വിഭാഗം, ടൗണ്‍ പ്ലാനിങ് എന്നീ മൂന്ന് പ്രധാന ഓഫീസുകളും ഇനി മുതല്‍ പുതിയ ബില്‍ഡിങിലാണ് പ്രവര്‍ത്തിക്കുക.
ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് എന്നാണ് മന്ദിരം അറിയപ്പെടുക. അഞ്ച് നിലകളിലുള്ള കെട്ടിടത്തില്‍ ഗ്രൗണ്ട് ഫ്ളോറില്‍ വാഹന പാര്‍ക്കിങ് സൗകര്യവും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാന്‍, സെക്രട്ടറി, അംഗങ്ങള്‍ എന്നിവരുടെ ഓഫീസും പ്രവര്‍ത്തിക്കും. ഹരിത കേരള മിഷന്‍ കോ-ഓഡിനേറ്റര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ കോഡിനേറ്റര്‍ എന്നിവര്‍ക്കുള്ള ക്യാബിനുകളും ഗ്രൗണ്ട് ഫ്‌ളോറിലുണ്ടാവും. ജില്ലാ പ്ലാനിങ് ഓഫീസ് ഒന്നാം നിലയിലും  ടൗണ്‍ പ്ലാനിങ് ഓഫീസ് രണ്ടാം നിലയിലും  ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിക്സ് വിഭാഗം മൂന്നാം നിലയിലും പ്രവര്‍ത്തിക്കും. മുകള്‍ നിലയില്‍ രണ്ട് സമ്മേളന ഹാളുകളാണുള്ളത്. പ്രധാന ഹാളില്‍ 250 പേര്‍ക്കും ചെറിയ ഹാളില്‍ 100 പേര്‍ക്കും ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.    മൂന്ന് ഓഫീസുകളിലുമായി നൂറിലധികം ജീവനക്കാരുണ്ട്. ഭരണ നടപടികളും വികസന പ്രവര്‍ത്തനങ്ങളും വേഗത്തിലാകാന്‍ ഈ മൂന്ന് ഓഫീസുകളും ഒരുമിക്കുന്നത് സഹായകമാകും.
ആധുനിക രീതിയിലുള്ള രണ്ട് ലിഫ്റ്റുകള്‍,ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനം,സുരക്ഷാസംവിധാനത്തിനുള്ള സി.സി.ടി.വി ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണി ടാങ്ക് എന്നിവ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി 2010 മാര്‍ച്ച് 20നാണ് നിര്‍വഹിച്ചത്. തുടര്‍ന്ന് 2015 സെപ്തംബര്‍ 28ന്   വൈദ്യുത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു.

 

date