Skip to main content

വിജയലക്ഷ്മിയുടെചിത്രങ്ങളില്‍തെളിയുന്നു: പ്രളയത്തിന്റെയുംഅതിജീവനത്തിന്റെയും നടുക്കുന്ന ഓര്‍മ്മകള്‍

മനുഷ്യ ജീവിതത്തിന്റെ താളംതെറ്റിച്ച പ്രളയആഘാത അനുഭവങ്ങളെ കാന്‍വാസിലേക്ക് പകര്‍ത്തി സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്. ജില്ലാ നഗര ഗ്രാമാസൂത്രണ വകുപ്പിന് കീഴിലെ സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗത്തില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റായ തേഞ്ഞിപ്പലം ഒലിപ്രം കടവ്‌സത്യപുരം സ്വദേശി കോട്ടാട്ടില്‍ വിജയലക്ഷ്മി (44)യാണ് പ്രളയകാലത്തെ നടുക്കുന്ന ഓര്‍മ്മകളെയും അതിജീവനത്തിന്റെ മാതൃകാപരമായ ഇടപെടലുകളെയും സി.ഡിമാര്‍ക്കര്‍ ഉപയോഗിച്ച് കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ സ്ത്രീകളെ രക്ഷപ്പെടുത്തു ന്നതിനിടെ സ്വയംമുതുക് ചവിട്ടുപടിയാക്കിയ താനൂര്‍ സ്വദേശി ജെയ്‌സലിന്റെ മഹത്തായ മാനുഷിക മാതൃകയും വെള്ളക്കെട്ടില്‍പ്പെട്ടു പോയവരെ മുതുകില്‍ കയറ്റികൊണ്ടു വന്ന് രക്ഷപ്പെടുത്തിയ എസ്.ഐ സുമേഷ് സുധാകറിന്റെ ഇടപെടലും വിജയലക്ഷ്മിയുടെ ചിത്രശേഖരത്തിലുണ്ട്. വെള്ളക്കെട്ടിന്റെ സമ്മര്‍ദ്ദത്താല്‍ നിലമ്പൂരില്‍ റോഡ് നെടുകെ പിളര്‍ന്നതും വീടുകള്‍ അപ്പാടെ നിലംപൊത്തിയതും ഹെലികോപ്ടര്‍ സഹായത്തോടെയുള്ള രക്ഷാപ്രവര്‍ത്തനവും വിജയലക്ഷ്മിയുടെ ജീവസുറ്റ സര്‍ഗ്ഗാത്മക സൃഷ്ടികളില്‍പ്പെടും. പ്രളയകാലത്ത് ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലുമുണ്ടായ പ്രധാന സംഭവ വികാസങ്ങളെ ആസ്പദമാക്കി വിജയലക്ഷ്മി ഇതിനകം 23 ചിത്രങ്ങളാണ് പൂര്‍ത്തിയാക്കിയത്. പ്രളയ സര്‍വ്വെസമയത്ത് ടൗണ്‍പ്ലാനര്‍ പി.ഐആയിഷയുടെ നിര്‍ദേശ പ്രകാരമാണ് വിജയലക്ഷ്മി ഒഴിവുസമയങ്ങളിലായി ചിത്രങ്ങള്‍ വരച്ചുതീര്‍ത്തത്. ചേളാരി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ ടി.പി ബാബുരാജിന്റെ ഭാര്യയായ വിജയലക്ഷ്മി ശാസ്ത്രീയമായി ചിത്രരചന അഭ്യസിച്ചിട്ടില്ലെങ്കിലും ചെറുപ്പത്തില്‍തന്നെ ചിത്രരചനയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ഛന്റെയും സഹോദരങ്ങളുടെയും പ്രേരണയും പിന്തുണയുമാണ് പ്രചോദനമായത്. അങ്ങനെ പലപ്പോഴായി ചിത്രങ്ങള്‍ വരച്ചു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന സമ്മേളന ത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പെന്‍സില്‍ രചനാ മത്സരത്തിലും വിജയലക്ഷ്മി തന്നെയായിരുന്നു ജേതാവ്. പ്രളയസര്‍വ്വെ വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങിലാണ് വിജയലക്ഷ്മിയുടെ പ്രളയചിത്രങ്ങള്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. രണ്ടാമതായി ചിത്രപ്രദര്‍ശനത്തിന് വേദിയായത് ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരൂരില്‍ സജ്ജീകരിച്ച പ്രദര്‍ശന നഗരിയാണ്.

 

date