Skip to main content

താനൂര്‍മണ്ഡലത്തിലെ പ്രധാന മൂന്ന് പദ്ധതികള്‍ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ ഇന്ന് നാടിന് സമര്‍പ്പിക്കും.

താനൂര്‍ മണ്ഡലത്തിലെ പ്രധാന മൂന്ന് പദ്ധതികള്‍ ഇന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നാടിന് സമര്‍പ്പിക്കും. ബദര്‍പ്പള്ളി-കളരിപ്പടി റോഡ് തൂക്കുപാലംവും, താനാളൂര്‍ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനവും, താനാളൂര്‍ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും തുടങ്ങിയവ മന്ത്രി നിര്‍വഹിക്കും. വി.അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷനാകും.  വൈകീട്ട് നാലിന് ബദര്‍പ്പള്ളി -കളരിപ്പടി റോഡ് തൂക്കു പാലവും, 4.30 ന് ഡയാലിസിസ് സെന്ററിന്റേയും, മിനി സ്റ്റേഡിയത്തിന്റെയും ഒന്നിച്ചുള്ള ഉദ്ഘാടനവും നടക്കും.
വി. അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തിവികസന പദ്ധതിയില്‍ നിന്നും ഒരുകോടി പതിനഞ്ച് ലക്ഷംരൂപ ചെലവഴിച്ചാണ് ബദര്‍പ്പള്ളിക്കും കളരിപ്പടിക്കും ഇടയില്‍ കനോലി കനാലിന് കുറുകെ തൂക്കു പാലമൊരുക്കിയത്. പതിറ്റാണ്ടുകളായുള്ള പ്രദേശ വാസികളുടെ യാത്രാദുരിതത്തിന് ഇതോടെഅറുതിയായി. ദിവസേന നൂറുക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്.  താല്‍ക്കാലികമായി നാട്ടുകാര്‍ നിര്‍മ്മിച്ചിരുന്ന പാലത്തിലൂടെ അപകടകരമായിയാത്ര ചെയ്താണ് വിദ്യാര്‍ത്ഥികള്‍ മറുകരയിലെത്തിയിരുന്നത്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ടായിരുന്നു. ദേശീയ ജലപാതാ അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമാണ് തൂക്കുപാലം നിര്‍മ്മിച്ചത്. സര്‍ക്കാര്‍ നിയന്ത്രിതസ്ഥാപനമായ കെല്‍ ആണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്.
താനാളൂര്‍ പി.എച്ച്.സി യോട് ചേര്‍ന്നാണ് ഡയാലിസിസ് സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. വി.അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 67 ലക്ഷംരൂപ ചെലവിലാണ് ഡയാലിസിസ് സെന്റര്‍ യാഥാര്‍ത്ഥ്യമായത്.
താനാളൂര്‍ മിനിസ്റ്റേഡിയം50 ലക്ഷംരൂപ ചിലവിലാണ് നിര്‍മ്മിക്കുന്നത്. ദേശീയ നിലവാരത്തിലാണ് സ്റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ നടക്കുക. ഏറെകാലത്തെ താനാളൂര്‍ നിവാസികളുടെ സ്വപ്നമാണ് സ്‌റ്റേഡിയത്തിന്റെ നിര്‍മാണത്തിലൂടെ യാഥാര്‍ത്ഥ്യ മാകുന്നത്.

 

date