Skip to main content

ജില്ലയിലെ വ്യവസായ രംഗത്ത് വികസനക്കുതിപ്പ് 4283 സംരംഭങ്ങള്‍, 246 കോടിയുടെ നിക്ഷേപം

തലസ്ഥാന ജില്ലയിലെ വ്യവസായ മേഖലയില്‍ വന്‍ വികസനക്കുതിപ്പ്. സര്‍ക്കാര്‍ അധികാരത്തിലെത്തി 1000 ദിവസങ്ങള്‍ക്കിടെ 4283 വ്യവസായ യൂണിറ്റുകള്‍ ജില്ലയില്‍ പുതുതായി തുടങ്ങി. സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായ മേഖലയില്‍ തുടങ്ങിയ ഈ യൂണിറ്റുകള്‍വഴി 246 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത്.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജിത പ്രചാരണ ബോധവത്കരണ പ്രവര്‍ത്തനങ്ങളാണ് വ്യവസായ രംഗത്തെ കുതിപ്പിന്റെ ചാലകശക്തി. സംരംഭകത്വ വികസന പരിപാടി, സംരംഭകത്വ ബോധവത്കരണ പരിപാടി, സാങ്കേതിക ശില്‍പ്പശാല, താലൂക്ക്തല നിക്ഷേപ സംഗമം, ജില്ലാതല നിക്ഷേപ സംഗമം, വ്യവസായ പ്രദര്‍ശന മേളകള്‍, ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമുകള്‍ എന്നിവയാണ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍.
സംരംഭകര്‍ക്ക് ബോധവത്കരണവും പരിശീലനവും നല്‍കുക, വ്യവസായ വകുപ്പിന്റെ വിവിധ വായ്പാ പദ്ധതികളുടെ വിവരങ്ങള്‍ നല്‍കുക, സംരംഭങ്ങള്‍ തുടങ്ങാന്‍ പ്രാപ്തരാക്കുക തുടങ്ങിയവയാണ് ഈ പരിപാടികള്‍ ലക്ഷ്യമിടുന്നത്.  ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തുടങ്ങിയ ചെറുകിട - സൂക്ഷ്മ - ഇടത്തരം സംരംഭങ്ങള്‍ വഴി 14,728 പേര്‍ക്ക് തൊഴിലവസരം ലഭിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ആര്‍. രമേശ് ചന്ദ്രന്‍ പറഞ്ഞു.

വിദ്യാര്‍ഥികളില്‍ സംരംഭകത്വ ബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇ.ഡി. ക്ലബുകള്‍ രൂപീകരിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ധനസഹായം നല്‍കുന്നുണ്ട്. സംരംഭകത്വ സഹായ പദ്ധതിക്കു കീഴില്‍ 1000 ദിവസങ്ങള്‍ക്കിടെ 263 സൂക്ഷ്മ - ചെറുകിട - ഇടത്തരം വ്യവസായ സംരംഭകര്‍ക്കായി 7.2 കോടി രൂപയും പി.എം.ഇ.ജി.പി. പദ്ധതിക്കു കീഴില്‍ 258 നവ സംരംഭങ്ങള്‍ക്കായി നാലു കോടി രൂപയും സബ്‌സിഡിയായി അനുവദിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങളായ സിഡ്‌കോ, കിന്‍ഫ്ര എന്നിവ വഴിയും ജില്ലയുടെ വ്യവസായ മേഖലയില്‍ വലിയ വികസന പദ്ധതികള്‍ നടന്നുവരികയാണ്.
     (പി.ആര്‍.പി. 265/2019)

 

date