Skip to main content

ലൈഫ് പദ്ധതിയിൽ 217 ഫ്‌ളാറ്റുകളുടെ സമുച്ചയം; ഉദ്ഘാടനം 25ന് അടിമാലിയിൽ

 

സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടമായ ഭൂരഹിത ഭവനരഹിതർക്ക് നൽകുന്നതിനായി ഏറ്റെടുത്ത ഭവന സമുച്ചയത്തിന്റെ ഉദ്ഘാടനം 25ന് ഇടുക്കി അടിമാലി ഗ്രാമപഞ്ചായത്തിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ നിർവഹിക്കും.  അടിമാലി ഗ്രാമപഞ്ചായത്തിലെ മച്ചിപ്ലാവിൽ തൊഴിൽവകുപ്പിനു കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് ജനനി സുരക്ഷ പദ്ധതി പ്രകാരം 217 ഫ്‌ളാറ്റുകൾ ഉൾക്കൊള്ളുന്ന ഭവന സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.  അടിമാലി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതരായ ഗുണഭോക്താക്കൾക്ക് നൽകുന്ന ഫ്‌ളാറ്റുകളുടെ താക്കോൽദാനം തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി റ്റി.പി. രാമകൃഷ്ണൻ നിർവഹിക്കും.  എസ്. രാജേന്ദ്രൻ എം.എൽ.എ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജോയ്‌സ് ജോർജ് എം.പി, നവകേരളം കർമപദ്ധതി സംസ്ഥാന കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.

എല്ലാ ജില്ലകളിലും സർക്കാർ പൈലറ്റ് അടിസ്ഥാനത്തിൽ നിർമിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമ്മാണത്തിനായുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ട്.  കേരളത്തിൽ ഭൂരഹിത ഭവനരഹിതരായിട്ടുള്ള 3,37,416 ഗുണഭോക്താക്കൾ ഉണ്ടെന്നാണ് സർവേയിൽ കണ്ടെത്തിയത്.  ലൈഫ് മിഷൻ ഒന്നാം ഘട്ടത്തിൽ പൂർത്തീകരിക്കാത്ത ഭവനങ്ങളുടെ നിർമ്മാണത്തിൽ ഇതുവരെ 54,098ൽ 50,144 വീടുകളുടെ നിർമ്മാണം പൂർത്തിയായി.  ബാക്കിയുള്ള 3,954 വീടുകളുടെ നിർമ്മാണം മാർച്ച് 31 ഓടെ പൂർത്തിയാക്കും.  ലൈഫ് മിഷന്റെ രണ്ടാം ഘട്ടമായ ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  ഇതിലേക്കായി ലൈഫ് മിഷൻ കണ്ടെത്തിയത് 1,84,255 ഗുണഭോക്താക്കളെയാണ്.  ഇതിൽ 16,969 വീടുകളുടെ നിർമ്മാണം പൂർത്തിയായി. 

പി.എൻ.എക്സ്. 699/19

date