Skip to main content
കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ വാര്‍ഡ് ബ്ലോക്കിന്റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  നിര്‍വഹിക്കുന്നു.

ആയുര്‍വേദത്തിന്റെ പ്രാധാന്യം ദിനംപ്രതി വര്‍ദ്ധിക്കുന്നു:  മന്ത്രി എം.എം മണി

 

 

കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ പേ വാര്‍ഡ് ബ്ലോക്കിന്റെ ഉദ്ഘാടനം തൊടുപുഴ എം എല്‍ എ പി ജെ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  നിര്‍വഹിച്ചു.  അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും രോഗികള്‍ ചികിത്സ തേടി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തുന്നത് ഇവിടത്തെ ആയുര്‍വേദ ചികിത്സയുടെ  പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നതാണെന്നും ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നതെന്നും അത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

 

ആയുര്‍വേദ ചികിത്സക്ക് പ്രാധാന്യം ഏറികൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ജില്ലാ  ആശുപത്രി ഏവര്‍ക്കും താങ്ങായി മാറുമെന്ന് പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു.  സ്‌പോര്‍ട്‌സ് ചികിത്സക്ക് ശ്രദ്ധേയമായ ആശുപത്രിയാണ് ജില്ലാ ആശുപത്രി.  കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ ദേശീയ കായിക താരങ്ങള്‍ ചികിത്സക്കായി ഇവിടെ എത്തുന്നുണ്ട്. ആയുര്‍വേദ മേഖലക്കുള്ള പ്രാധാന്യം ഭാരതത്തിന്റെയും കേരളത്തിന്റെയും സ്വത്താണെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ പി ജെ ജോസഫ് എം എല്‍ എ പറഞ്ഞു.

 

1955 ലാണ് ജില്ലാ ആയുര്‍വേദ  ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിന് പുറത്തുനിന്നുപോലും  ചികിത്സ തേടി രാജ്യാന്തര  കായിക താരങ്ങള്‍ എത്തുന്ന ആശുപത്രിക്ക് കിടന്നുള്ള ചികിത്സക്ക് ഏറെ പരിമിധികള്‍ നേരിട്ടിരുന്ന സാഹചര്യത്തിലാണ് 2013-14ല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഒരു കോടി 10 ലക്ഷം രൂപ പേ വാര്‍ഡിനായി അനുവദിച്ചു ലഭിക്കുന്നത്. പുതിയ പേ വാര്‍ഡ് കെട്ടിടത്തില്‍ 10 പേ വാര്‍ഡ്, രണ്ട് ഡോര്‍മെറ്ററി, രണ്ട്  ട്രീറ്റ്‌മെന്റ് റൂം, ഒരു മിനി ഓപ്പറേഷന്‍ തീയേറ്റര്‍, ക്ഷാര സൂത്ര തീയേറ്റര്‍, ഫിസിയോ തെറാപ്പി യൂണിറ്റ്, ക്ലിനിക്കല്‍ ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കൂടാതെ കേരളത്തിലെ ഒരു  സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായിട്ടാണ് 2 ഫാര്‍മസി സംവിധാനം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. നേത്ര രോഗ വിഭാഗം, മര്‍മ്മ വിഭാഗം, വിഷചികിത്സ വിഭാഗം, പഞ്ചകര്‍മ്മ വിഭാഗം, സ്‌പോര്‍ട്‌സ് വിഭാഗം, സ്ത്രീ രോഗവിഭാഗം, മാനസിക രോഗവിഭാഗം, ക്ഷാരസൂത്ര വിഭാഗം, സിദ്ധ വിഭാഗം എന്നിവയാണ് ആശുപത്രിയില്‍ നിലവില്‍ ഉള്ളത്.

 

ജില്ലാ പഞ്ചായത്ത് ആയുര്‍വേദ ആശുപത്രിക്കായി അനുവദിച്ച ഒരു കോടി രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന വനിതാ വാര്‍ഡിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 30ഓളം രോഗികളെ കിടത്തി ചികത്സിക്കുവാനും യോഗ ട്രെയിനിങ്, തെറപ്പിക്കായി പ്രത്യേക സൗകര്യവും ഇവിടെ ലഭ്യമാകും. കൂടാതെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ അനുവദിച്ചതിലൂടെ ആധുനിക സീവേജ് മാലിന്യ സംസ്‌കരണ പ്ലാന്റും തയ്യാറാവുകയാണ്. പി ജെ ജോസഫ് എം എല്‍ എയുടെ എം എല്‍ എ ഫണ്ടില്‍ നിന്നും 2 കോടി രൂപ അനുവദിച്ചു കുട്ടികളുടെ ചികിത്സക്കായി പുതിയ കെട്ടിട നിര്‍മാണം ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുകയാണ്  ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍.

 

ഇടുക്കി ജില്ലാ ഐ എസ് എം ഡിഎംഒ ഡോക്ടര്‍ റോബര്‍ട്ട് രാജ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ജെസി ആന്റണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മനോജ് കുമാര്‍ എന്‍.റ്റി,  മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷാഹുല്‍ ഹമീദ്, എം ജെ ജേക്കബ്, വി വി മത്തായി, സി എസ് മഹേഷ്, പി പി ജോയ്, ജിതേഷ് സി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പ്രമുഖരും ആശുപത്രി അധികൃതരും ചടങ്ങില്‍ പങ്കെടുത്തു

date