Skip to main content

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചാൽ കർശന നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

 

*വോട്ടർപട്ടികയിലേക്ക് രണ്ടു ലക്ഷം പുതിയ അപേക്ഷകർ കൂടി

*വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെ

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച ബുക്ക് ലെറ്റ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയിട്ടുണ്ട്. ജില്ലകളിൽ ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച് രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ മാർച്ച് 13 ന് രാവിലെ 11ന് ചർച്ച നടത്തും. ജാതി, മതസ്പർദ്ധ വളർത്തുന്ന പ്രചാരണം പെരുമാറ്റചട്ടത്തിനെതിരാണെന്ന് അദ്ദേഹം പറഞ്ഞു. 

പെരുമാറ്റച്ചട്ട ലംഘനം കണ്ടാൽ പൊതുജനങ്ങൾക്ക് സി-വിജിൽ എന്ന ആപ്പ് മുഖേന കമ്മീഷനെ വിവരം അറിയിക്കാം. രണ്ട് മിനിട്ട് വരെ ദൈർഘ്യമുള്ള വീഡിയോയും ഇതിൽ അപ്‌ലോഡ് ചെയ്യാം. ഫോൺ നമ്പർ നൽകിയാൽ നടപടി സ്വീകരിച്ചതിന്റെ വിവരം അറിയാനാവും.

ജനുവരി 30ന് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം രണ്ടു ലക്ഷം അപേക്ഷകൾ ലഭിച്ചു. ഇതിൽ നടപടി പുരോഗമിക്കുന്നു. സംസ്ഥാനത്ത് മൊത്തം 2,54,08,711 വോട്ടർമാരുണ്ട്. ഇതിൽ 1,22,97,403 പുരുഷൻമാരുണ്ട്. 119 ട്രാൻസ്ജെൻഡറുകളും വോട്ടർപട്ടികയിലുണ്ട്. മലപ്പുറത്താണ് കൂടുതൽ വോട്ടർമാർ, 30,47,923. വയനാട്ടിലാണ് ഏറ്റവും കുറവ് വോട്ടർമാരുള്ളത്, 5,81,245 പേർ. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന ഏപ്രിൽ എട്ടു വരെ പേരു ചേർക്കാം. വോട്ടർ പട്ടികയിൽ പേര് വിട്ടുപോയാൽ 1950 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. 1800 425 1965 ആണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ നമ്പർ. 30-39 വയസ്സിനിടയിലാണ് ഏറ്റവുമധികം വോട്ടർമാരുള്ളത്, 56,92,617. 18-19 വയസിലുള്ളവർ 2,61,778 പേരുണ്ട്. 20-29 വയസിനിടയിലുള്ള 45,23,000 പേരുണ്ട്.

ഇത്തവണ 24,970 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. 44436 വിവിപാറ്റുകളും 32772 ബാലറ്റ് യൂണിറ്റുകളും 35393 കൺട്രോൾ യൂണിറ്റുകളും തയ്യാറാണ്. മെഷീനുകളുടെ ആദ്യഘട്ട പരിശോധന പൂർത്തിയായി. സംസ്ഥാനത്തെ മുഴുവൻ പോളിംഗ് ബൂത്തുകളിലും വിവിപാറ്റുകളുണ്ടാവും. സംസ്ഥാനത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 900 ബൂത്തുകളാണ് പ്രശ്നബാധിതമായി കണ്ടിരുന്നതെങ്കിൽ ഇത്തവണ അത് 750 ആയിട്ടുണ്ട്. സ്ഥാനാർത്ഥികൾ തങ്ങളുടെ മേലുള്ള കേസുകൾ സംബന്ധിച്ച വിവരം ഫോം 26ൽ നൽകണം. ഇതുസംബന്ധിച്ച് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും മാധ്യമങ്ങളിൽ മൂന്നു പരസ്യം നൽകുകയും വേണം. ഇതിന് ചെലവാകുന്ന തുക ഇലക്ഷൻ ചെലവിൽ കണക്കാക്കും. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണത്തിന്റെ കണക്കും പരിശോധിക്കും. 70 ലക്ഷം രൂപയാണ് ചെലവ് പരിധി. ജില്ലാ, സംസ്ഥാന തലത്തിൽ മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി പ്രവർത്തിക്കും.

കേരളത്തിൽ രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറ് വരെയാണ് തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ ജോ. സി. ഇ. ഒയുടെ മേൽനോട്ടത്തിൽ 5 എ ഹാളിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ഇവിടെ മീഡിയ റൂമും സജ്ജീകരിക്കും. തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിനെക്കുറിച്ചും രാഷ്ട്രീയകക്ഷികളുമായി ചർച്ച  നടത്തും. ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ അംഗപരിമിതർക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തും. ഇവരെ വീടുകളിൽ നിന്ന് വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഗതാഗത വകുപ്പിന്റെ വാഹനങ്ങളിൽ എത്തിക്കും. ഓരോ ജില്ലയിലെയും പ്രമുഖരുടെ പട്ടിക തയ്യാറാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുവരെ 500 പേരുടെ പട്ടികയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനൊപ്പം 11 രേഖകൾ വോട്ടു ചെയ്യുന്നതിന് ഉപയോഗിക്കാം.

 

date