Skip to main content

തെരഞ്ഞെടുപ്പ് പ്രചരണം: തദ്ദേശസ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധം

കാക്കനാട്: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി നിര്‍ബന്ധമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.  തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച് ജില്ലയിലെ അസി.റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും ബോധവല്‍കരണം നല്‍കുകയായിരുന്നു അദ്ദേഹം.  സ്വകാര്യവ്യക്തിയുടെ വസ്തുവില്‍ സ്ഥാപിക്കുന്നതിനും ആ  വ്യക്തിയുടെ സമ്മതത്തിനു പുറമേ  ബന്ധപ്പെട്ട തദ്ദേശസ്വയംഭരണസ്ഥാപത്തില്‍നിന്നും അനുമതി നേടണം.  

പൊതുസ്ഥലങ്ങളില്‍ യോഗം ചേരുന്നതിനോടനുബന്ധിച്ച് ഫ്ലക്‌സ്, പതാക, പോസ്റ്റര്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കില്‍ അവ യോഗം ചേരുന്നതിനു തൊട്ടുമുമ്പു മാത്രം സ്ഥാപിക്കുകയും ശേഷം എടുത്തു മാറ്റുകയും ചെയ്യണം.  പൊതുജനശ്രദ്ധ പതിയുന്ന സ്ഥലങ്ങളില്‍ ലീസിനോ വാടകയ്‌ക്കോ ഹോര്‍ഡിങ്ങുകള്‍ സ്ഥാപിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കാന്‍ തദ്ദേശ സ്ഥാപന അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കളക്ടര്‍ അറിയിച്ചു.

പോസ്റ്റർ/ബാനർ/ ഹോർഡിങ്ങിൽ സ്ഥാനാർത്ഥിയുടെ വിവരങ്ങളുണ്ടെങ്കിൽ   സ്ഥാനാർത്ഥിയുടെ ചിലവിലും രാഷ്ട്രീയപാർട്ടിയുടെ വിവരമാണെങ്കിൽ ആ പാർട്ടിയുടെ ചിലവിലും പ്രചരണത്തുക വകയിരുത്തും.  

വിവിധ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നൽകാനുള്ള സന്ദേശം കളക്ടറേറ്റിലെ മീഡിയ സർട്ടിഫിക്കേഷൻ  ആന്റ് മോണിറ്ററിങ് കമ്മറ്റി (എംസിഎംസി) മുമ്പാകെ സമർപ്പിച്ച് പ്രചരണാനുമതി നേടിയ ശേഷമേ പോസ്റ്റ് ചെയ്യാവൂ.      ഇത്തരം സന്ദേശങ്ങളിൽ മതപരമോ സാമൂഹ്യ പരമോ ആയ ഭിന്നതകളുണ്ടായേക്കാവുന്ന പരാമർശങ്ങളില്ലെന്നു റപ്പു വരുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു നോഡൽ ഓഫീസറെ നിയോഗിക്കണമെന്നും നിർദ്ദേശിച്ചു.  സന്ദേശത്തിലെ ഉള്ളടക്കത്തിനനുസരിച്ച് പാർട്ടി ചിലവിലോ സ്ഥാനാർത്ഥിയുടെ ചില വിലോ തുക വകയിരുത്തും.  വിതരണം ചെയ്യുന്ന  ലഘുലേഖകളിൽ പ്രിന്ററുടെ പേര് നൽകണം.  

അസി. കളക്ടർ പാട്ടീൽ പ്രാഞ്ജാൽ ലഹേൻ സിങ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ഷാജഹാൻ, സ്വീപ് ജില്ലാ നോഡൽ ഓഫീസർ ബീന പി ആനന്ദ്, എ.ആർ.ഒ മാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date