Skip to main content

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു: ജില്ലാകളക്ടര്‍

ജില്ലയില്‍ സമാധാനപരവും നീതിപൂര്‍വ്വകവുമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നുവരികയാണെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. തിരഞ്ഞെടുപ്പ് നടത്താനുള്ള കണ്‍ട്രോള്‍ യൂണിറ്റുകള്‍, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് എന്നിവ ആവശ്യമുള്ളതിലും 35 ശതമാനം എണ്ണം കൂടുതല്‍ പ്രവര്‍ത്തനം പരിശോധിച്ച് സജ്ജമാക്കിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ ഇതേവരെയുള്ള ഒരുക്കങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സമാധാനപരമായി വോട്ട് ചെയ്യാനുള്ള അന്തരീക്ഷം ഒരുക്കാനും ആളുകള്‍ക്ക് നിര്‍ഭയമായി വോട്ട് ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കാനും ജില്ലാ കളക്ടര്‍ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്ന പ്രക്രിയയില്‍ പങ്കാളികളാകുമ്പോഴാണ് ജനാധിപത്യം ശക്തമാകുക എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം തിരഞ്ഞെടുപ്പ് പ്രക്രിയ ജനങ്ങള്‍ക്ക് വിശദീകരിക്കാനും ബോധവല്‍ക്കരിക്കാനും പലതരത്തിലുള്ള പ്രചരണപരിപാടികള്‍ നടത്തിവരികയാണെന്ന് വ്യക്തമാക്കി. 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ 76.94 ശതമാനവും

എറണാകുളത്ത് 73.56 ശതമാനവും പോളിങ്ങാണ് ഉണ്ടായത്.

ഈ രണ്ട് മണ്ഡലങ്ങളിലും  പോളിങ് കുറഞ്ഞ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കും.

ജില്ലയില്‍ 24,10,388 വോട്ടര്‍മാരാണ് ഇപ്പോഴുള്ളത്. ഇതില്‍ 11,84,175 പേര്‍ പുരുഷവോട്ടര്‍മാരും 12,26,203 പേര്‍ സ്ത്രീവോട്ടര്‍മാരുമാണ്. 10 പേര്‍ ട്രാന്‍സ്‌ജെണ്ടര്‍ വോട്ടര്‍മാരാണ്. ജില്ലയില്‍ 2251 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിന് സജ്ജമാക്കിയിരിക്കുന്നത്.  

മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നും ഏപ്രില്‍ നാലാം തിയതിയാണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.  അഞ്ചാം തിയതി പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി എട്ടാം തിയതിയാണ്. അന്ന് വൈകുന്നേരം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.  തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതു മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയില്‍ നിലവില്‍ വന്നുകഴിഞ്ഞു എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.  പെരുമാറ്റച്ചട്ടം സംബന്ധിച്ച് ജില്ലയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളുടെ യോഗം കഴിഞ്ഞയാഴ്ച നടത്തിയിരുന്നു. ഇന്നു വീണ്ടും യോഗം ചേര്‍ന്ന് ഇതുസംബന്ധിച്ച വിവരങ്ങള്‍ അവരെ അറിയിച്ചിട്ടുണ്ട്.   മാതൃകാ പെരുമാറ്റച്ചട്ടം എല്ലാവരും കര്‍ശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാനുള്ള  പല തലങ്ങളിലെ പരിശീലനം  ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

date