Skip to main content

ലോകസഭ തെരഞ്ഞെടുപ്പ്‌ പോളിങ്‌ ബൂത്തുകള്‍ സ്‌ത്രീ-അംഗപരിമിത  സൗഹൃദം : ജില്ലാ കളക്‌ടര്‍ 

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലയിലെ പോളിംഗ്‌ ബൂത്തുകള്‍ സ്‌ത്രീകള്‍ക്കും അംഗപരിമിതര്‍ക്കും സൗകര്യപ്രദമായി സജ്ജീകരിക്കുമെന്ന്‌ ജില്ലാ തെരഞ്ഞെടുപ്പ്‌ ഓഫീസറും ജില്ലാ കളക്ടറുമായ ടി.വി. അനുപമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌ത്രീ സൗഹൃദ ബൂത്തുകളില്‍ പോളിങ്‌ ഉദ്യോഗസ്ഥരായി സ്‌ത്രീകളെ നിയമിക്കും. അത്തരം ബൂത്തുകളില്‍ മുലയൂട്ടലിനായി പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തും. 
ബൂത്തുതലത്തില്‍ തന്നെ അംഗപരിമിതരെ കണ്ടെത്തി വോട്ടുചെയ്യാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കും. അംഗപരിമിതര്‍ എത്തുന്ന പോളിങ്‌ ബൂത്തുകള്‍ അംഗപരിമിത സൗഹൃദ ബൂത്തുകളാക്കി മാറ്റും. പഞ്ചായത്തു തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേതടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ സജ്ജമാക്കി അംഗപരിമിതരെ പോളിങ്‌ ബൂത്തിലെത്തിക്കും. ഇവര്‍ക്ക്‌ ബൂത്തുകളില്‍ വീല്‍ചെയര്‍ സൗകര്യം, ഇരിപ്പിടം, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കും. ജില്ലയില്‍ 5,000 മുതല്‍ 10000 വരെ അംഗപരിമിതരെ വാഹനങ്ങളില്‍ ബൂത്തുകളിലെത്തിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും കളക്‌ടര്‍ പറഞ്ഞു. 
ജില്ലയില്‍ 13 നിയോജക മണ്ഡങ്ങളിലായി 23,59,582 ലക്ഷം വോട്ടര്‍മാരാണുള്ളത്‌. വോട്ടര്‍പട്ടികയില്‍ കൂടുതല്‍ പേരെ ചേര്‍ക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. 50000 ത്തോളം പുതിയ വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ്‌ ശ്രമം. വോട്ടവകാശത്തെ കുറിച്ച്‌ അവബോധം സൃഷ്ടിക്കാന്‍ സ്വീപ്‌ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കാര്യക്ഷമമായി നടക്കുന്നുണ്ട്‌. ഇതിന്റെ ഭാഗമായി കോളേജ്‌ തലത്തിലും പട്ടികവര്‍ഗ കോളനികളിലും അംഗപരിമിതര്‍ക്കിടയിലും ബോധവത്‌ക്കരണം സംഘിടിപ്പിച്ചുവരുന്നു.
വിവിപാറ്റ്‌ ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനുകള്‍ ഓരോ മണ്ഡലങ്ങളിലും പരിചയപ്പെടുത്തി വരുന്നു. ഇതിനായി ആറ്‌്‌ സ്‌ക്വാഡുകളാണ്‌ പ്രവര്‍ത്തിക്കുന്നത്‌. തിരഞ്ഞെടുപ്പ്‌ വരെ ഇത്‌ തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി. 
തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്താനായി സി വിജില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്‌. നാല്‌ സ്‌ക്വാഡുകളായാണ്‌ പ്രവര്‍ത്തനം. ഇതുവഴി പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള ഏതു പരാതിയ്‌ക്കും 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണും. സി വിജിലില്‍ ഒരു നിയോജക മണ്ഡലത്തില്‍ 3 സ്റ്റാറ്റിക്‌ സര്‍വെയ്‌ലബിള്‍ സംഘങ്ങളും 3 ഫ്‌ളയിങ്‌ സ്‌ക്വാഡ്‌ സംഘവും ഒരു ആന്‍റി ഡീഫെയ്‌സ്‌മെന്‍റ്‌ സ്‌ക്വാഡും എംസിസി സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്‌. ഡീഫെയ്‌സ്‌മെന്‍റ്‌ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 6000 ത്തിലധികം പോസ്‌റ്ററുകള്‍ ജില്ലയില്‍ ഇതുവരെ നീക്കം ചെയ്‌തു. തിരഞ്ഞെടുപ്പില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക്‌, പി വി സി, ഡിസ്‌പോസിബിള്‍ വസ്‌തുക്കള്‍ മുതലായവ ഒഴിവാക്കും. ബോര്‍ഡുകള്‍, ബാനറുകള്‍്‌ തുടങ്ങിയവ പ്രകൃതി സൗഹൃദ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ തയ്യാറാക്കേണ്ടതാണെന്നും ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവയില്‍ നിന്നുള്ള മാലിന്യ സാധ്യതകള്‍ ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്നും കളക്‌ടര്‍ പറഞ്ഞു. 
ജില്ലയില്‍ 13 നിയോജക മണ്ഡലങ്ങളിലായി 2283 പോളിങ്‌ സ്റ്റേഷനുകളാണ്‌ ഉള്ളത്‌. പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ പറഞ്ഞു. എഡിഎം റെജി പി ജോസഫ്‌, ആര്‍ഡിഒ പി.എ. വിഭൂഷണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്‌ടര്‍ സി വിജയന്‍ ഉള്‍പ്പടെ വിവിധ ഉദ്യേഗാസ്ഥരും പങ്കെടുത്തു.

date