Skip to main content

വ്യാജ തേന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു

 

           ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ   നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാട്ടിക്കുളം ചങ്ങല ഗേറ്റിന് സമീപം   റോഡരുകില്‍ വില്‍പ്പന നടത്തിയ 20 കിലോയോളം വ്യാജതേന്‍ പിടിച്ചെടുത്തു നശിപ്പിച്ചു. മാനന്തവാടിയിലും പരിസരങ്ങളിലും വ്യാജതേന്‍ വില്‍പ്പന നടത്തുന്നതായി  പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാജ തേനാണെ സംശയത്തില്‍ പിടിച്ചെടുക്കുകയും തേനിന്റെ സാമ്പിള്‍ ഫുഡ് ടെസ്റ്റിംഗ് മൊബൈല്‍ ലാബോറട്ടറിയില്‍ പരിശോധിച്ചപ്പോള്‍  നിലവാരമില്ലാത്തത് എന്ന റിപ്പോര്‍ട്ടാണ് ലഭിച്ചത്.യഥാര്‍ത്ഥ തേനാണെന്ന് തെറ്റിദ്ധരിപ്പുക്കുന്നതിന് തേന്‍ അടയും, പാട്ടയും, മെഴുകും തേനിന്റെ സമീപം വച്ചാണ് വില്‍പ്പന നടത്തുന്നത്.  കിലോയ്ക്ക് 250 രൂപ മാത്രമാണ് ഈടാക്കുന്നത്. ഇത് ആളുകളെ വാങ്ങാന്‍ പ്രേരിപ്പിക്കുന്നു. ബീഹാര്‍ സ്വദേശിനിയായ സ്ത്രീ മൈസൂരില്‍ നിന്നാണ് തേന്‍ വില്‍പ്പനക്കായി കൊണ്ടുവന്നത്.  വില്‍പ്പനക്കാരുടെ പൂര്‍ണ്ണമായ മേല്‍വിലാസമോ, മേല്‍വിലാസം തെളിയിക്കുന്ന രേഖകളോ ലഭ്യമാകാത്തതിനാല്‍ പലപ്പോഴും ഇത്തരക്കാരുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ സാധിക്കാതെ വരുന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. നിലവാരം കുറഞ്ഞ തേന്‍ വില്‍പ്പന നടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തേനിന്റെ സര്‍വ്വയിലന്‍സ് സാമ്പിളുകള്‍ കല്‍പ്പറ്റ ഫുഡ് സേഫ്റ്റി ഓഫീസര്‍ രേഷ്മയുടെ നേതൃത്വത്തില്‍ ശേഖരിച്ച് വിദഗ്ധപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  പരിശോധനാഫലം വരുന്ന മുറയ്ക്ക് നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ് അറിയിച്ചു.

 

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: 

വഴിയോരങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും വില്‍പന നടത്തുന്ന തേന്‍ ഒരു കാരണവശാലും വാങ്ങരുത്.  പായ്ക്ക് ചെയ്ത തേനാണെങ്കില്‍ പായ്ക്കറ്റ്/ബോട്ടിലിന് പുറത്ത് ഭക്ഷ്യ സുരക്ഷാ ലേബല്‍ നിബന്ധനകള്‍ പാലിച്ചവ മാത്രമേ വാങ്ങാവൂ. തേന്‍ വാങ്ങുന്നതിന് ബില്ല് ചോദിച്ച് വാങ്ങണം.  വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും മാത്രമേ തേന്‍ വാങ്ങാവൂ.  തേനിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, ഭക്ഷ്യ സുരക്ഷാ  ഓഫീസര്‍ എന്നിവരെ അറിയിക്കേണ്ടതാണ്. ജില്ലയിലെ പലഭാഗത്തും വയനാടന്‍ തേന്‍ നെല്ലിക്ക എന്ന പേരില്‍ പഞ്ചസാര ലായിനിയിലിട്ട നെല്ലിക്ക വിതരണം   നടത്തുന്നതായി കാണുന്നു.  ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും വരുന്ന ഇത്തരം നെല്ലിക്ക പഞ്ചസാര ലായിനിയില്‍ പ്രിസര്‍വ് ചെയ്തതാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാകയാല്‍ കച്ചവടക്കാര്‍ അത്തരം പരസ്യങ്ങളും ലേബലും മാറ്റണമെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും  ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date