Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ്: ഹരിതസൗഹൃദമാകും

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശത്തെ തുടര്‍ന്ന് ഹരിത പരിപാലനചട്ടം നടപ്പാക്കുന്നതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഇത്തവണത്തേത് ഹരിതതെരഞ്ഞെടുപ്പാകും. ഇതിനായി പ്രചരണത്തിനുള്‍പ്പെടെ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് നിര്‍ദേശം നല്‍കും. 
സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍,ബാനറുകള്‍ തുടങ്ങിയവ നിര്‍മിക്കുന്നതിന് പ്ലാസ്റ്റിക്,പിവിസി മുതലായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പുന:ചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിക്ക് അനുയോജ്യവുമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തും. ബോര്‍ഡുകളും ബാനറുകളും കോട്ടണ്‍ തുണിയിലും കടലാസിലും നിര്‍മിക്കാം. കൊടിതോരണങ്ങള്‍ പൂര്‍ണമായും പ്ലാസ്റ്റിക്,പിവിസി വിമുക്തമാക്കണം പകരം തുണി,ചണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഇതിനായി ഉപയോഗിക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍,സൂചകങ്ങള്‍ ബോര്‍ഡുകള്‍ എന്നിവയും കോട്ടണ്‍ തുണി,പേപ്പര്‍ തുടങ്ങിയ പുന:ചംക്രമണം ചെയ്യാവുന്ന പരിസ്ഥിതി സൗഹാര്‍ദവസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മിക്കേണ്ടതാണ്. ഉപയോഗശേഷം വലിച്ചെറിയുന്ന കപ്പുകള്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍ തുടങ്ങിയവ കര്‍ശനമായി ഒഴിവാക്കണം. 
പോളിങ് ബൂത്തുകള്‍/വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം.പോളിങ് ഉദ്യോഗസ്ഥന്‍മാരും ഏജന്റുമാരും ഭക്ഷണപദാര്‍ഥങ്ങള്‍,കുടിവെള്ളം എന്നിവ കൊണ്ടുവരാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്നറുകളും പരമാവധി ഒഴിവാക്കണം. പൊതുതിരഞ്ഞെടുപ്പിനു ശേഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,ഹരിതകേരളമിഷന്‍,ശുചിത്വ മിഷന്‍,സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇലക്ഷന്‍ ക്യാംപയിന്‍ മെറ്റീരിയലുകള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്‍കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്/രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സ്ലിപ്പുകള്‍ എന്നിവ പോളിങ് ബൂത്തുകള്‍ക്കു സമീപം ഉപേക്ഷിക്കുന്ന പ്രവണത കണ്ടുവരാറുണ്ട്. ഇത് ഒഴിവാക്കാനായി ഇവ ശേഖരിച്ച് കലക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്‌ക്രാപ്പ് ഡീലേഴ്സിനു കൈമാറാനുള്ള നടപടി എടുക്കുന്നതിനും നിര്‍ദേശമുണ്ട്. 

date