Skip to main content

ഹരിത ഇലക്ഷന്‍  കര്‍മ്മ പദ്ധതികളൊരുക്കി ശുചിത്വമിഷന്‍

 

 

     പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ അന്തരീക്ഷത്തില്‍  നടത്തുന്നതിനുളള കര്‍മ്മപദ്ധതികളുമായി ജില്ലാ ശുചിത്വമിഷന്‍ രംഗത്ത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍, പരിസ്ഥിതി മന്ത്രാലയം, കേരള ഹൈക്കോടതി ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.തിരഞ്ഞെടുപ്പ് പരസ്യ പ്രചരണങ്ങള്‍ പ്രകൃതി സൗഹൃദമാക്കുകയും ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ മാലിന്യ മുക്തമാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കര്‍മ്മ പദ്ധതികള്‍ക്കൊപ്പം ഹരിത തെരഞ്ഞെടുപ്പ്  ലോഗോയും ജില്ലാ ശുചിത്വമിഷന്‍ തയ്യാറാക്കിയിട്ടുണ്ട്. 

 

    ഹരിത ഇലക്ഷന്‍ നടപ്പാക്കുന്നതിന് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ജില്ലാ, താലൂക്ക്, ഗ്രാമപഞ്ചായത്ത് തലത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ഫെസിലിറ്റേഷന്‍ യൂണിറ്റുകള്‍ ഒരുക്കും.   വോട്ടേഴ്‌സ് ലിസ്റ്റ്, സ്‌ളിപ്പ് എന്നിവ ശേഖരിക്കുന്നതിന് പോളിംഗ് ബൂത്തിന്റെ പരിസരത്ത് പ്രത്യേകം സൗകര്യം ഒരുക്കും. ജില്ലയിലെ എന്‍.എസ്.എസ്, എസ്.പി.സി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പ്രത്യേകം ഹരിത വളണ്ടിയര്‍ സേന രൂപീകരിക്കും.       ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ വിവിധ സന്നദ്ധ സംഘടനകള്‍, പൊതു പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സഹകരണം ഉറപ്പു വരുത്തും.     രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രചരണത്തിനുപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ പ്ലാസ്റ്റിക,  ഫ്‌ളക്‌സ് എന്നിവ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. പോളിംഗ് ബൂത്തുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ പ്രോത്സാഹിപ്പിക്കണം. ഭക്ഷണ, കുടിവെള്ള കിയോസ്‌കുകള്‍ സ്ഥാപിച്ച് പ്ലാസ്റ്റിക് കുപ്പികളുടെയും ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവയുടെ ഉപയോഗം ഒഴിവാക്കണം തുടങ്ങിയവയാണ് കര്‍മ്മ പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍. 

date