Skip to main content

ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്തത് 8683 പ്രചാരണ സാമഗ്രികള്‍

ലോകസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പരസ്യങ്ങളും കൊടി-തോരണങ്ങളും നീക്കം ചെയ്യുന്നതിനായി  ജില്ലയിലെ 16 നിയോജകമണ്ഡലങ്ങളിലും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ്    അനധികൃതമായി സ്ഥാപിച്ച 8683 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. 44 ചുവരെഴുത്തുകള്‍, 3878 പോസ്റ്ററുകള്‍, 3115ബാനറുകള്‍, 1646 മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവയാണ് പൊതു സ്ഥലത്ത് നിന്ന് നീക്കം ചെയ്തത്. സ്വകാര്യ സ്ഥലത്ത് നിന്ന് പ്രചരണ സാമഗ്രികള്‍ ഒന്നും ഇതു വരെ നശിപ്പിക്കേണ്ടി വന്നിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഒന്നും തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.
ഒരു മണ്ഡലത്തില്‍ രണ്ട് ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡുകളുണ്ടെങ്കിലും ആദ്യത്തേത് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. രണ്ടാമത്തേത്  ഉടന്‍ രംഗത്തിറങ്ങും. ജില്ലയില്‍  മാതൃകാ പെരുമാറ്റച്ചട്ടം നിരീക്ഷിക്കുന്നതിനായി പ്രവര്‍ത്തനമാരംഭിച്ച ഫ്‌ളയിങ് സ്‌ക്വാഡിന്റെ വാഹന പരിശോധനയില്‍  അനധികൃത പണം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവയൊന്നും  ഇതുവരെ പിടിച്ചെടുത്തിട്ടില്ല. 16 മണ്ഡലങ്ങളില്‍ ഓരോന്നിലും  3 സ്‌ക്വാഡ് വീതം 48 ഫ്‌ളയിങ് സ്‌ക്വാഡാണുള്ളത്. ഇരു  സ്‌ക്വാഡുകളിലും ഒരു ഓഫീസര്‍, രണ്ട് ജീവനക്കാര്‍, ഒരു വീഡിയോ ഗ്രാഫര്‍, രണ്ട് പോലീസ്, ഡ്രൈവര്‍ എന്നിവരാണ് ഉള്ളത്.  പൊതുസ്ഥലത്തെ പരസ്യങ്ങള്‍ നീക്കം ചെയ്യുക, പ്രചാരണത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങള്‍ വികൃതമാക്കുന്നത് തടയുക, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് രേഖാമൂലമുള്ള അനുമതിയില്ലാതെ ബാനറുകളും തോരണങ്ങളും പോസ്റ്ററുകളും നീക്കം ചെയ്യുക, ഇത്തരം നിയമലംഘനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുക തുടങ്ങിയവയാണ് ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനങ്ങള്‍. ജില്ലയില്‍  സ്‌ക്വാഡുകള്‍  മോണിറ്റര്‍ ചെയ്യുന്നത് നോഡല്‍ ഓഫീസറായ എ.ഡി.എം  ടി. വിജയനാണ്. എല്ലാ ദിവസവും നോഡല്‍ ഓഫീസര്‍ക്ക്  ഉദ്യോഗസ്ഥര്‍   ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.

 

date