Skip to main content

ജലമാണ് ജീവന്‍ ജലസംരക്ഷണ ക്യാമ്പയിന് തുടക്കം

വരള്‍ച്ചയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയും ഹരിതകേരളം മിഷനും സംയുക്തമായി സംസ്ഥാനത്തെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലും സംഘടിപ്പിക്കുന്ന 'ജലമാണ് ജീവന്‍' ക്യാമ്പയിന്‍ ആരംഭിച്ചു. ലോകജലദിനത്തില്‍ തുടക്കമിട്ട ക്യാമ്പയിന്‍ മാര്‍ച്ച് 31 വരെയുള്ള ദിവസങ്ങളില്‍ അയല്‍ക്കൂട്ട യോഗങ്ങളില്‍ ലഘുലേഖകള്‍ എത്തിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതാണ് ഒന്നാം ഘട്ടം. 'ജലമാണ് ജീവന്‍' എന്ന പേരില്‍ ലഭിക്കുന്ന ലഘുലേഖകള്‍ ഹരിതകേരളം മിഷനാണ് നിര്‍മ്മിച്ചിരിക്കുന്നത്. വേനലിനെ പ്രതിരോധിക്കാനും ജലത്തിന്റെ ഉപയോഗം കുറക്കാനും അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികളാണ് ലഘുലേഖയില്‍ ഉള്ളത്. സംസ്ഥാനത്തുടനീളം 20 ലക്ഷം ലഘുലേഖകള്‍ വിതരണം ചെയ്യും. ലഘുലേഖയില്‍ വിശദീകരിച്ചിട്ടുള്ള പ്രകാരം ജലം സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ ഓരോ അയല്‍ക്കൂട്ടത്തിലും നടപ്പിലാക്കണം. ലഘുലേഖക്കൊപ്പം ഒരു സര്‍വ്വെ ഫോമും അയല്‍ക്കൂട്ടത്തിന് ലഭിക്കും.
അയല്‍ക്കൂട്ട പരിസരത്ത് നിലവിലുള്ള കുടിവെള്ള സ്രോതസ്സുകളുടെ എണ്ണം, ഉപയോഗയോഗ്യമായ   കുടിവെള്ള സ്രോതസ്സുകളുടെ എണ്ണം, ഉപയോഗ യോഗ്യമല്ലാ ത്തവയില്‍ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഉപയോഗയോഗ്യമാക്കാന്‍ സാധിക്കുന്നവ, അയല്‍ക്കൂട്ട പരിസരത്തുള്ള മറ്റു പൊതു ജലാശയങ്ങളുടെ വിവരങ്ങള്‍ എന്നിവയാണ് സര്‍വ്വേ ഫോമില്‍ രേഖപ്പെടുത്തേണ്ടത്.    ജില്ലയില്‍ ആകെ 27791 അയല്‍ക്കൂട്ടങ്ങളാണ് ഉള്ളത്.   ഈ അയല്‍ക്കൂട്ടങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കി കുടുംബശ്രീ ജില്ലാമിഷനും ഹരിതകേരള മിഷനും വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ് രണ്ടാംഘട്ടം.  
ഏപ്രില്‍ പകുതിയോടെ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സാധ്യമായ പൊതുജലാശയങ്ങള്‍ സാമൂഹ്യ പങ്കാളിത്തത്തോടെയും തൊഴിലുറപ്പിന്റെ സഹായത്തോടെയും വൃത്തിയാക്കുന്നതാണ് മൂന്നാംഘട്ടം.  ഇങ്ങനെ വൃത്തിയാക്കുന്ന ജലാശയങ്ങളുടെ പട്ടിക തയ്യാറാക്കി കുടുംബശ്രീ മിഷനും ഹരിതകേരള മിഷനും പ്രസിദ്ധീകരിക്കും. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് തനിയെ വൃത്തിയാക്കാന്‍ സാധിക്കാത്ത ജലസ്രോതസ്സുകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, വാട്ടര്‍ അതോറിറ്റി, സോയില്‍ കണ്‍സര്‍വേറ്റര്‍ വകുപ്പ് എന്നിവയുടെ ശ്രദ്ധയില്‍ കൊണ്ടു വരും.  തൊഴിലുറപ്പിന്റെ സഹായത്തോടെ ആവശ്യമായ ഇടങ്ങളില്‍ സാധ്യതക്കനുസരിച്ച് കുളം, മഴക്കുഴി എന്നിവ നിര്‍മ്മിക്കാനുള്ള ഇടപെടലും ഉണ്ടാകും.
    2017-18 കാലയളവില്‍ നിര്‍മ്മിച്ച മഴക്കുഴികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ കഴിഞ്ഞ മാസം ഏറ്റെടുത്ത് നടത്തിയിരുന്നു.   'ഹരിത വീട്' എന്ന ആശയം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ 2018 ഏപ്രില്‍ നടത്തിയ 'തനിമ'-തനി മലപ്പുറം ക്യാമ്പയിനിന്റെ തുടര്‍ച്ചയായാണ് ഇത്തവണ കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക.  
എന്താണ് ഹരിത വീട് ?
പ്രകൃതിയോട് സമരസപ്പെട്ട് ഇണങ്ങി ജീവിക്കുന്ന വീടാണ് ഹരിത വീട്.   ഹരിത വീട് ജല സ്വയംപര്യാപ്തതയ്ക്കായി സാധ്യമായതെല്ലാം ചെയ്യും.   മഴവെള്ളം കിണറിലേക്ക് റീചാര്‍ജ്ജ് ചെയ്യുക, വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക, വെള്ളത്തെ പുനരുപയോഗിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിക്കും.   അടുക്കള മാലിന്യം സംസ്‌കരിക്കുന്നതിന് കമ്പോസ്റ്റ് സംവിധാനമോ ടോയ്‌ലറ്റ് ബന്ധിത ബയോഗ്യാസ് പ്ലാന്റോ സ്ഥാപിക്കുക.   മാലിന്യ സംസ്‌കരണത്തില്‍ നിന്നും ലഭിക്കുന്ന ജൈവ വളം കൂടി ഉപയോഗപ്പെടുത്തി ലഭ്യമായ സ്ഥലത്ത് ജൈവ കൃഷി നടത്തും.   മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ വൈദ്യുതോത്പാദന സംവിധാനങ്ങള്‍ ഒരുക്കും.   
നിര്‍ദ്ദേശങ്ങള്‍
•    പല്ല് തേക്കുന്നതിനും ഷേവ് ചെയ്യുന്നതിനും കൈ കഴുകുന്നതിനും ടാപ്പില്‍ നിന്നും നേരിട്ട് വെള്ളം ഉപയോഗിക്കുന്നതിന് പകരം മഗ്ഗിലോ ഗ്ലാസിലോ വെള്ളം ശേഖരിച്ച് ഉപയോഗിക്കുക.
•    കാറ് കഴുകല്‍, അടുക്കളത്തോട്ടം നനക്കല്‍, നിലം കഴുകല്‍ എന്നിവയ്ക്ക് ഹോസിന് പകരം ബക്കറ്റ് ഉപയോഗിക്കുക.
•    ധാന്യങ്ങള്‍, പച്ചക്കറി, മത്സ്യം, മാംസം മുതലായവ കഴുകിയ വെള്ളം അടുക്കളത്തോട്ടം നനക്കാന്‍ ഉപയോഗിക്കുക.
•    ടാപ്പ്, ഫ്‌ളഷ്, ഷവര്‍ തുടങ്ങിയവയുടെ ചോര്‍ച്ച കണ്ടെത്തി തടയുക
•    നിയന്ത്രിതമായി ഫ്‌ളഷ് ഉപയോഗിക്കുക

 

date