Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2019 പോളിംഗ് ബൂത്തുകളില്‍ ഇക്കുറി വോട്ടര്‍മാരുടെ മൂന്ന് വരികള്‍

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഓരോ പോളിംഗ് ബൂത്തുകളിലും ഇക്കുറി വോട്ടര്‍മാരുടെ മൂന്ന് വീതം വരികള്‍ ഉണ്ടാകും. സ്ത്രീ, പുരുഷന്‍ എന്നീ പതിവ് വരികള്‍ക്കു പുറമേ മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി മൂന്നാമതൊരു വരികൂടി ഇത്തവണ ബൂത്തുകളിലുണ്ടാവണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. തെരഞ്ഞെടുപ്പ് സജ്ജീകരണവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടന്ന എ.ആര്‍.ഒ.മാരുടെയും ഇ.ആര്‍.ഒ.മാരുടേയും യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. 

നൂറ് ശതമാനം ബൂത്തുകളിലും റാംപ് സൗകര്യം ഉണ്ടെന്ന് ഉറപ്പാക്കും. ഈ റാംപുകളിലൂടെ വീല്‍ചെയര്‍ കടന്നുപോകുമെന്ന് ഉറപ്പാക്കും. എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വീല്‍ചെയര്‍ ഉറപ്പാക്കും. ഡോളി വേണ്ടിടങ്ങളില്‍ അവയും ലഭ്യമാക്കും. ബൂത്തുകളില്‍ കുടിവെള്ള സൗകര്യം, ടോയ്‌ലറ്റ്, എന്നിവ ഉറപ്പാക്കും.  ഫോണ്‍ സൗകര്യവും പരിശോധിച്ച് ഉറപ്പുവരുത്തും. ബൂത്തിന് മുന്നില്‍ വരിയില്‍ നില്‍ക്കുന്ന വോട്ടര്‍മാര്‍ക്ക് ഇരിക്കുന്നതിനുള്ള കസേര, ബഞ്ച് എന്നിവയും ഇക്കുറിയുണ്ടകും. എന്‍.സി.സി., എന്‍.എസ്.എസ്., എസ്.പി.സി. വോളന്റിയര്‍മാര്‍ വരി നിയന്ത്രിക്കുകയും ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വോട്ട് ചെയ്യുന്നതിന് ആവശ്യമായ സഹായം നല്‍കുകയും ചെയ്യും. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണസൗകര്യവും ഒരുക്കും. 

ബൂത്തുകളില്‍ വൈദ്യുതി ലഭ്യത ഉറപ്പാക്കും. വോട്ടര്‍മാര്‍ക്ക് ബാലറ്റ് സുഖമായി വായിക്കാന്‍ കഴിയുന്നതിന് ആവശ്യമായ പ്രകാശം ലഭ്യമാണെന്ന് ഉറപ്പാക്കും. 

ഒന്നിലധികം ബൂത്തുകളുള്ള എല്ലാ പോളിംഗ് സ്‌റ്റേഷനുകളിലും വോട്ടര്‍ സഹായകേന്ദ്രം ഉണ്ടായിരിക്കും. വോട്ടര്‍മാരുടെ സംശയങ്ങള്‍ക്ക് ഇവിടെ പരിഹാരം നിര്‍ദേശിക്കും. ഇതിനൊപ്പം ബൂത്ത്, കുടിവെള്ളം ലഭിക്കുന്ന സ്ഥലം, വിശ്രമകേന്ദ്രം തുടങ്ങിയവ വ്യക്തമാക്കുന്ന പോസ്റ്ററുകളും പതിക്കും. ഓരോ പോളിംഗ് സ്‌റ്റേഷനിലും വോട്ടര്‍മാര്‍ക്ക് വിശ്രമത്തിനും കുട്ടികളെ സൂക്ഷിക്കുന്നതിനും പ്രത്യേക വിശ്രമകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കുന്നതിനുള്ള മെഡിക്കല്‍ കിറ്റിന്റെ ലഭ്യത ഉറപ്പാക്കും. 

വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് ബൂത്തില്‍ എത്തുന്നതിനും വോട്ടുചെയ്ത് മടങ്ങുന്നതിനും വാഹനസൗകര്യം ലഭ്യമാക്കും. കിടപ്പിലായ രോഗികള്‍ക്ക് ബൂത്തിലെത്താന്‍ ആംബുലന്‍സ് സൗകര്യം ആവശ്യമെങ്കില്‍ അത് ഉറപ്പാക്കണമെന്നും കളക്ടര്‍ നിര്‍ദേശം നല്‍കി. 

കളക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാ പോലീസ്  മേധാവി ജി.ജയദേവ്, തിരുവല്ല സബ്കളക്ര്‍ വിനയ് ഗോയല്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. സന്തോഷ് കുമാര്‍, എ.ഡി.സി (ജനറല്‍) കെ.കെ. വിമല്‍രാജ്, എ.ആര്‍.ഒ.മാര്‍, ഇ.ആര്‍.ഒ.മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                 (ഇലക്ഷന്‍: 55/19)

date