Skip to main content

ഏഴിക്കാട് നിര്‍മാണം പൂര്‍ത്തിയായ വീടുകളുടെ താക്കോല്‍ദാനം നടത്തി

 

ഏഴിക്കാട് കോളനിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം നടത്തി. അന്താരാഷ്ട്ര സംഘടനയായ ഫ്രീമാസനാണ് ജില്ലയിലെ ഏഴിക്കാട് കോളനിയില്‍ പ്രളയത്തില്‍ പൂര്‍ണമായും വീടുകള്‍ തകര്‍ന്നവര്‍ക്ക് ആശ്വാസമായത്. മേസോണിക് ട്രസ്റ്റ് സതേണ്‍ ഇന്ത്യ ചെയര്‍മാന്‍ റൈറ്റ് വര്‍ഷിപ്പ്ഫുള്‍ ബ്രദര്‍ ഏബ്രഹാം മാര്‍ക്കോസ് താക്കോല്‍ദാനം നിര്‍വഹിച്ചു. ഏഴിക്കാട് 10 വീടുകളാണ് ഫ്രീമാസന്‍ സൗജന്യമായി നിര്‍മിച്ചത്. ആറര ലക്ഷം രൂപ ചെലവില്‍ രണ്ട് കിടപ്പുമുറികളും, ഹാളും അടുക്കളയും ബാത്ത്റൂമും ഉള്‍പ്പെടുന്ന ഓരോ വീടുകള്‍ക്കും 400 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണമുണ്ട്. താക്കോല്‍ദാനം നിര്‍വഹിച്ച പത്ത് വീടുകളും ജില്ലാ കളക്ടര്‍ പി.ബി നൂഹ് സന്ദര്‍ശിച്ചു. ജില്ലയില്‍ പ്രളയത്തില്‍ നഷ്ടപ്പെട്ട 650 ഓളം വീടുകളാണെന്നും അതില്‍ 525 വീടുകളുടെ പുനര്‍നിര്‍മാണം ഇതുവരെ പൂര്‍ത്തിയായെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ പതിനാറിനാണ് ഏഴിക്കാട് കോളനിയിലെ വീടുകള്‍ക്ക് തറക്കല്ലിട്ടിത്.  ചുരുങ്ങിയ കാലയളവില്‍ തന്നെ പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചു. ബാക്കി വീടുകളുടെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലാണെന്നും കളക്ടര്‍ അറിയിച്ചു. 

അമ്മിണി, കുഞ്ഞമ്മ, പി.അനീഷ്, ബാബുജോണ്‍, പി.ഡി റെജി, പി.സി മാത്യു, സെബാസ്റ്റ്യന്‍, സുമ മേരി, സരസമ്മ, ശിവരാമന്‍ എന്നിവരുടെ വീടുകളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്. മല്ലേലില്‍ ഇന്‍ഡസ്ട്രീസ് ഉടമ ശ്രീധരന്‍നായരുടെ നേതൃത്വത്തിലാണ് വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. 

റൈറ്റ് വര്‍ഷിപ്പ്ഫുള്‍ ബ്രദര്‍മാരായ സുശീല്‍രാജ്, അപ്പുകുര്യന്‍, പ്രതാപ് കരണ്‍ പൗള്‍, വര്‍ഷിപ്പ്ഫുള്‍ ബ്രദര്‍മാരായ ജോസഫ് റോഡ്റിഗ്സ്, പ്രദീപ് ചന്ദ്രന്‍, ബ്രദര്‍ എസ്. നന്ദകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.                             (പിഎന്‍പി 955/19)

date