Skip to main content
ക്ഷയരോഗദിന പ്രതിജ്ഞ ഡോ പി ടി ഉഷ ചൊല്ലിക്കൊടുക്കുന്നു

2020 ഓടെ ക്ഷയരോഗ വിമുക്ത ജില്ലയായി  കാസര്‍കോട് മാറും : ജില്ലാ കളക്ടര്‍ 

2020 ഓടെ സംസ്ഥാനത്തെ തന്നെ ആദ്യത്തെ ക്ഷയരോഗവിമുക്ത ജില്ലയായി കാസര്‍കോട് മാറണമെന്നും  ഇതിനുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നോട്ട് പോകണമെന്നും  ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു. ലോകക്ഷയരോഗ ദിനാചരണത്തിന്റെ  ഭാഗമായി സംഘടിപ്പിച്ച  ജില്ലാതല പരിപാടി  കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സമീപം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പരിപാടിയില്‍ ലോക ഒളിമ്പിംക്സ് താരം ഡോ. പി ടി ഉഷ മുഖ്യാതിഥിയായി. ക്ഷയരോഗമെന്നത് ആര്‍ക്കും ഏതുസമയത്തും വരാവുന്ന രോഗമാണ്.  ഇതിനായി കൂടുതല്‍ മൂന്‍കരുതല്‍ എടുക്കാനും കൃത്യമായ ചികിത്സ കൈകൊള്ളാനും ഓരോരുത്തരും ശ്രദ്ധിക്കണമെന്നും ക്ഷയരോഗ നിയന്ത്രണ യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും പി ടി ഉഷ പറഞ്ഞു.  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ പി ദിനേഷ് കുമാര്‍ അധ്യക്ഷനായി. 

ഇറ്റ്സ് ടൈം... ക്ഷയരോഗം തുടച്ചുനീക്കുവാന്‍ സമയമായി, വായുജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രത എന്ന സന്ദേശമുണര്‍ത്തിയാണ് ഈ വര്‍ഷത്തെ ക്ഷയരോഗദിനാചരണം സംഘടിപ്പിച്ചത്. ക്ഷയരോഗദിന പ്രതിജ്ഞ ഡോ പി ടി ഉഷ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ഡോക്ടര്‍ ബി എസ് റാവുവിനെ  ആദരിച്ചു.  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബി ഭാസ്‌കരന്‍, ജില്ലാ പ്രോഗ്രോം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ കെ രാജാറാം, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ ടി മനോജ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ ടി ബി ഓഫീസര്‍ ഡോ. ടി പി ആമിന സ്വാഗതവും ട്രീറ്റ്മെന്റ് ഓര്‍ഗനൈസര്‍ പി വി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു. 

ദിനാചരണത്തിന്റെ ഭാഗമായി  കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് മുതല്‍ ജനറല്‍ ആശുപത്രി വരെ സംഘടിപ്പിച്ച ക്ഷയരോഗ ബോധവല്‍ക്കരണറാലിയും കൂട്ടയോട്ടവും ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു,ഡോ. പി ടി  ഉഷ തുടങ്ങിയവര്‍ പങ്കെടുത്തു. 

date