Skip to main content

വോട്ടു ചെയ്യൂ മരം നടൂ പ്രചരണവുമായി കളക്ടർ: വിവി പാറ്റ് മെഷീൻ പരിചയപ്പെടുത്തി

ആലപ്പുഴ: ലോകസഭ തിരഞ്ഞെടുപ്പിൽ 100 ശതമാനം പോളിങ്, പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് എന്നിവ ലക്ഷ്യമിട്ട് വോട്ടു ചെയ്യൂ മരം നടൂ പദ്ധതിയുമായി ആലപ്പുഴ ജില്ല ഭരണകൂടം. ഇതിന്റെ ഭാഗമായി ചന്തകളിലും പൊതു സ്ഥലങ്ങളിലും കടന്നുചെന്ന് ജില്ല കളക്ടർ എസ്.സുഹാസ് വി.വി.പാറ്റ് മെഷീൻ പ്രവർത്തനം പരിചയപ്പെടുത്തി. തിരഞ്ഞെടുപ്പു ചൂടിലും പ്രകൃതി സംരക്ഷണത്തിന്റെയും ഹരിതചട്ടത്തിന്റെയും പുതിയ പാഠം പകർന്നുനൽകുകയാണ് ജില്ല ഭരണകൂടം.

തിരഞ്ഞെടുപ്പിൽ വിവി പാറ്റ് മെഷീൻ ഉപയോഗിച്ച് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്യുന്ന രീതി പൊതുജനങ്ങൾക്ക്  പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ആദ്യം വഴിച്ചേരി ചന്തയിലാണ് കളക്ടർ എത്തിയത്.  വർഗീസിന്റെ സി.വി.കെ വെജിറ്റബിൾസ് എന്ന കടയിലാണ് വിവി പാറ്റ് മെഷീൻ ഉപയോഗിച്ചുള്ള വോട്ടു ചെയ്യുന്ന രീതി പരിചയപ്പെടുത്തിയത്, വിവിധ പ്രായത്തിലുള്ള നിരവധി പേർ വോട്ടു ചെയ്യുന്ന രീതി മനസിലാക്കി.  പഴയതലമുറയിലുള്ളവർക്ക് ഇതു അത്ഭുതമായി. വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം ജില്ല കളക്ടർ ചെറുവാക്കുകളിൽ വിവരിച്ചു. 

ഹരിതചട്ടത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിന് പ്രേരിപ്പിച്ച ഹരിത മിഷന്റെ തുണി സഞ്ചികളും, പേപ്പർ കവറുകളും, പേനകളും കളക്ടർ ചടങ്ങിൽ വിതരണം ചെയ്തു. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകി  രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാര ജേത്രി  ദേവകിയമ്മയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത്തരമൊരു ഹരിത തിരഞ്ഞെടുപ്പ് എന്ന ആശയം  ഉരുത്തിരിഞ്ഞതെന്ന്  കളക്ടർ പറഞ്ഞു. വൃക്ഷത്തൈ നട്ടു നനച്ചു വളർത്തുന്നത് അടുത്ത തിരഞ്ഞെടുപ്പ് കാലത്ത് തണലേകുമെന്നതും വോട്ടു രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുടെ ഓർമ്മിപ്പിക്കലാകുമെന്നതുമാണ് ഈ ആശയത്തിന്റെ സവിശേഷത. 

എല്ലാ വോട്ടർമാരും തങ്ങളുടെ സമ്മതിദാനാവകാശം നിർവഹിക്കണമെന്നും അതിനു ശേഷം വീട്ടിൽ എത്തി ചെയ്ത വോട്ടിന്റെ സൂചനയായി ഒരു വൃക്ഷതൈ നട്ടു പരിപാലിക്കണമെന്നും അതു ഭാവി തലമുറയ്ക്ക് വോട്ടു ചെയ്തതിന് തെളിവാകുകയും തണൽ ആവുകയും ചെയ്യും .   ' ഒരു വീട്ടിൽ ഉള്ളവർ വോട്ട് ചെയ്‌തോ എന്നറിയാൻ വീട്ടിൽ എത്ര വൃക്ഷതൈ നട്ടു എന്ന് നോക്കിയാൽ മതിയാകുമെന്ന അവസ്ഥയാണ് തന്റെ ലക്ഷ്യം. ജില്ലയിൽ ഈ വർഷം ഒരു മാതൃക പോളിംഗ് ബൂത്തിൽ വോട്ടു് ചെയ്യുന്നവർക്ക്  ഒരു വൃക്ഷത്തൈ നൽകാനും ഭരണകൂടം പദ്ധതി ഇട്ടിട്ടുണ്ട്. 

ഹരിത കേരളം ജില്ല കോ-ഓഡിനേറ്റർ കെ.എസ്.രാജേഷ്, ഹരിത കേരളം ജില്ല അസിസ്റ്റന്റ് കെ.സി അജിത്, ശുചിത്വമിഷൻ ജില്ല കോ-ഓഡിനേറ്റർ ബിൻസി,  അസിസ്റ്റൻറ് കോ-കോഡിനേറ്റർ കെ.പി ലോറൻസ് , ഷിജു, അബ്ദുൾ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

date