Skip to main content

കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞം സമാപിച്ചു

 

കോഴിക്കോട് ജില്ല ആത്മയുടെയും ജില്ലാ കൃഷി വകുപ്പ്  അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയത്തിന്റെയും സഹായത്തോടെ വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര വിപണിയില്‍ നടത്തിയ കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞ പരിശീലന പരിപാടി സമാപിച്ചു. ആത്മ പ്രോജക്ട് ഡയറക്ടര്‍ ലേഖ കാര്‍ത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  ചടങ്ങില്‍ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അഹമ്മദ് കബീര്‍ അധ്യക്ഷനായിരുന്നു.  കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്ക്കരണ മിഷന്‍ പ്രോജക്ട് എഞ്ചിനീയര്‍ അര്‍ച്ചന പദ്ധതി വിശദീകരിച്ചു. ആത്മ അസിസ്റ്റന്റ് ഡയറക്ടര്‍ അനിത ആശംസകള്‍ നേര്‍ന്നു. കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍ സൈതലവി സ്വാഗതവും ജയേഷ് നന്ദിയും പറഞ്ഞു. 
 പന്ത്രണ്ടു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ ജില്ലയിലെ അഞ്ച് കാര്‍ഷിക സേവന കേന്ദ്രങ്ങളിലെയും മൂന്ന് കാര്‍ഷിക കര്‍മ്മ സേനകളിലെയും തകരാറിലായ 52 കാര്‍ഷിക യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി തീര്‍ത്തു കൊടുത്തു. കാര്‍ഷിക സേവന കേന്ദ്രത്തിലെയും കര്‍മ്മ സേനയിലെയും തെരഞ്ഞെടുക്കപ്പെട്ട 20 സേവന ദായകര്‍ക്ക് യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിയിലുളള പ്രവര്‍ത്തിപരിചയ പരിശീലനവും നല്‍കി.  കാര്‍ഷിക യന്ത്രവത്കരണ മിഷന്റെ നേതൃത്വത്തിലുളള ചലിക്കുന്ന യന്ത്ര അറ്റകുറ്റപ്പണി യൂണിറ്റ് പരിശീലനത്തിനായി ഇവിടെ ക്യാമ്പ് ചെയ്തിരുന്നു.  
പരിശീലനത്തിന്റെ ഭാഗമായി കാര്യക്ഷമതയും അച്ചടക്കബോധവും കൃത്യനിഷ്ഠയും ആത്മവിശ്വാസവും പകര്‍ന്നു നര്‍കുന്നതിന് വേണ്ടി ഫിസിക്കല്‍ ട്രെയിനിംഗ്, ഡ്രില്‍, പഠിച്ചത് വിശദീകരിക്കല്‍ എന്നീ പഠനമുറകളും ഉപയോഗിച്ചിരുന്നു.  പ്രോജക്ട് എഞ്ചിനീയര്‍ അര്‍ച്ചന. കെ, മാസ്റ്റര്‍ ട്രെയിനര്‍മാരായ ദീപു തോമസ്, ഹനീഷ് വിശ്വംഭരന്‍, ട്രെയിനര്‍മാരായ ശരത് കുമാര്‍. എസ്, റോബിന്‍ റെന്നി, സെബിന്‍ ജോസഫ്, നിതിന്‍. പി.എ, കാര്‍ഷിക എഞ്ചിനീയറിംഗ് വകുപ്പിലെ മെക്കാനിക്കുമാരായ മനോജ്, മഹേഷ് തുടങ്ങിയവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

date