Skip to main content

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഹരിതചട്ടപാലനം  സംശയങ്ങളും മറുപടികളു മായി കൈപുസ്തകം

ലോക്‌സഭ തെരഞ്ഞെടുപ്പ് ഹരിത പെരുമാറ്റ ചട്ടം പാലിച്ച് നടത്തുന്നതിന് സഹായകരമായ ഹരിതചട്ടപാലനം - സംശയങ്ങളും മറുപടികളും എന്ന കൈപുസ്തകം ഹരിത കേരളം മിഷന്‍ പുറത്തിറക്കി. 23 പേജുള്ള ഈ മള്‍ട്ടി കളര്‍ കൈപുസ്തകത്തില്‍ തെരഞ്ഞെടുപ്പ്  വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികളും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പാലിക്കേണ്ട ഹരിത പെരുമാറ്റ ചട്ടങ്ങളെ കുറിച്ചാണ് ചോദ്യോത്തര രൂപത്തില്‍ ഹ്രസ്വമായി പ്രതിപാദിക്കുന്നത്.ഹരിത പെരുമാറ്റചട്ടം പാലിച്ച് സംസ്ഥാനത്ത് നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ ഈ കൈപുസ്തകത്തിന് പ്രസക്തിയേറെയാണ്.
ഫ്‌ളക്‌സുകള്‍ക്ക് പകരമായി പനമ്പായ, പുല്‍പായ, ഓല, ഈറ, മുള, പാള, തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ആകര്‍ഷകമായ രീതിയില്‍ പ്രചാരണ ബോര്‍ഡുകളും സാമഗ്രികളും ഉണ്ടാക്കാമെന്ന് ആദ്യതാളുകളില്‍ തന്നെ കൈപുസ്തകം വായനക്കാരോട് സംവദിക്കുന്നു. 
                സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കുന്ന വേളയില്‍ പ്ലാസ്റ്റിക്ക് ഹാരങ്ങള്‍ക്ക് പകരം പൂക്കള്‍ കൊണ്ടുള്ള ഹാരങ്ങള്‍ ഉപയോഗിക്കണമെന്നും സ്ഥാനാര്‍ത്ഥിയോടുള്ള സ്‌നേഹത്തോടൊപ്പം ഭൂമിയോടുള്ള നമ്മുടെ സ്‌നേഹവും നിലനിര്‍ത്തണമെന്നും കൈപുസ്തകം പറയുന്നു.പ്ലാസ്റ്റിക്ക് വസ്തുക്കള്‍ അടങ്ങുന്ന എല്ലാത്തരം ബോര്‍ഡുകളും ഹോര്‍ഡിംങ്ങ്‌സുകളും ബാനറുകളും ഡിസ്‌പോസിബിള്‍ വസ്തുക്കളും തെര്‍മ്മോക്കോളും തെരഞ്ഞഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ഒഴിവാക്കണമെന്ന് കൈപുസ്തകം നിര്‍ദേശിക്കുന്നു. തുണി, പേപ്പര്‍ തോരണങ്ങള്‍, സ്റ്റീല്‍ക്ലാസുകള്‍, പൂക്കളിലുള്ള ഹാരങ്ങള്‍, ലോഹ നിര്‍മ്മിതമായ ബോര്‍ഡുകള്‍ എന്നിവ  പകരം ഉപയോഗിക്കണം.സംസ്ഥാനത്തെ എല്ലാ ജില്ലാഹരിത കേരളം മിഷന്‍ ഓഫീസുകളുടെയും ശുചിത്വമിഷന്‍ ഓഫീസുകളുടെയും ഫോണ്‍ നമ്പറും സംശയനിവാരണത്തിനായി പുസ്തകത്തില്‍ കൊടുത്തിരിക്കുന്നു.  

date