Skip to main content

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി  ഏപ്രിലില്‍ ആരംഭിക്കും

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ജില്ലയില്‍ ഏപ്രിലില്‍ ആരംഭിക്കും.  അഞ്ചു ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരോ കുടുംബത്തിനും ലഭിക്കുന്നത്.  നിലവില്‍ ജില്ലയില്‍ ആര്‍.എസ്.ബി.വൈ-ചിസ് പദ്ധതി (ആരോഗ്യ ഇന്‍ഷുറന്‍സ്) അംഗത്വമുളള 1,00,899 കുടുംബങ്ങളും സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസ് പ്രകാരമുളള കുടുംബങ്ങളും, ഉള്‍പ്പെടെയാണ് പുതിയ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇത് പ്രകാരമാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ കാര്‍ഡ് നല്‍കുന്നത്.  കുടുംബത്തിലെ ഓരോ അംഗത്തിനും പ്രത്യേകമായിട്ടാണ് കാര്‍ഡ് നല്‍കുന്നത്.  റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആര്‍.എസ്.ബി.വൈ സ്മാര്‍ട്ട് കാര്‍ഡ് എന്നിവ സഹിതം പഞ്ചായത്തുതലത്തില്‍ സജ്ജമാക്കുന്ന വിതരണ കേന്ദ്രത്തിലെത്തി കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.   തിരഞ്ഞെടുക്കപ്പെട്ടിട്ടുളള കുടുംബങ്ങള്‍ക്ക് കാര്‍ഡ് എടുക്കുന്നതിന് പ്രായപരിധിയോ, അംഗങ്ങളുടെ എണ്ണത്തിലുളള പരിധിയോ ഇല്ല.  50 രൂപയാണ് ഒരു കുടുംബത്തിന്റെ മൊത്തം ഫീസ്. ഈ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് പദ്ധതിയിലംഗമായിട്ടുളള എല്ലാ ആശൂപത്രികളിലുടെയും ബന്ധപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സ തേടാം.  പദ്ധതി പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തീരുമാനിക്കുന്നതിന് ജില്ലാതല കോര്‍ കമ്മിറ്റിയോഗം ചേര്‍ന്നു. എ.ഡി.എം .സി ബിജു അദ്ധ്യക്ഷനായി. ചിയാക് ജില്ലാ പ്രൊജക്ട് മാനേജര്‍ എം. സതീശന്‍ പദ്ധതി വിശദീകരണം നടത്തി.
    ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) ഷാജു കെ.എ, ഡെപ്യൂട്ടി ഡയര്‍ക്ടര്‍ ഓഫ് പഞ്ചായത്ത് അരുണ്‍ ടി.ജെ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഡെപ്യൂട്ടി ഡിഎംഒ: ഡോ.കെ.കെഷാന്റി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതിവാമന്‍, അസി. ട്രൈബല്‍ ഡവലപ്്‌മെന്റ് ഓഫീസര്‍ ഷെമീന.എം, കുടുംബശ്രീ മിഷന്‍, ഡി.പി.എം ശ്വേതശ്രീ മോഹനന്‍ എന്നിവര്‍ സംബന്ധിച്ചു.  

date