Skip to main content

മംഗളാദേവി ചിത്രപൗര്‍ണ്ണമി:  ഉത്സവം പരിസ്ഥിതി സൗഹൃദമാകണം

 

 

മംഗളാദേവി ക്ഷേത്രം, വന്യജീവി സംരക്ഷണ മേഖലയും അത്യപൂര്‍വ്വമായ ജീവജാലങ്ങളുടെ വാസസ്ഥലവുമായ പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലാണ്. അതിനാല്‍ ഉത്സവം പരിസ്ഥിതി സൗഹൃദമാകണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശിച്ചു. എല്ലാ വര്‍ഷവും ചിത്രാപൗര്‍ണ്ണമി ദിവസം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് മംഗളാദേവി ക്ഷേത്രത്തില്‍ എത്തുന്നത്. ഏപ്രില്‍ 19നാണ് ഉത്സവം. പരിസ്ഥിതിയുടെയും വനത്തിന്റെയും സംരക്ഷണത്തിനും നിലനില്‍പ്പിനും കോട്ടം സംഭവിക്കാതെയും വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസ്സം ഉണ്ടാകാതെയുമാകണം ഉത്സവം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍  നിക്ഷേപിക്കുന്നത് നിരോധിച്ചിട്ടുണ്ട്.  ആഘോഷം പരിസ്ഥിതിസൗഹാര്‍ദ്ദമായി  നടത്തുവാന്‍ ജില്ലാകലക്ടറുടെ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. 

വനത്തിനുള്ളില്‍ ഉച്ചഭാഷിണികള്‍, ഉയര്‍ന്ന ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകള്‍, മൈക്കുകള്‍ എന്നിവ അനുവദിക്കില്ല. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ , വിഗ്രഹങ്ങള്‍,  പടക്കങ്ങള്‍ എന്നിവ കാടിനുള്ളില്‍ നിരോധിച്ചു.  കുടിവെള്ളം കൊണ്ടുവരുന്നതിന് ഫ്‌ളാസ്‌ക്, അഞ്ച് ലിറ്ററോ അതിലധികമോ ഉള്ള ബോട്ടിലുകള്‍ ഉപയോഗിക്കണം. അഞ്ച് ലിറ്ററില്‍ കുറഞ്ഞുള്ള പ്ലാസ്റ്റിക് ബോട്ടിലുകള്‍ നിരോധിച്ചിട്ടുണ്ട്. ഭക്ഷണ സാധനങ്ങള്‍ പേപ്പറിലോ ഇലകളിലോ പൊതിഞ്ഞ് കൊണ്ടുപോകാവുന്നതാണ്. പ്ലാസ്റ്റിക് റാപ്പറുകള്‍ പാടില്ല. തല മുണ്ഡനം ചെയ്യല്‍, മാംസാഹാരം, മദ്യം, ലഹരിവസ്തുക്കള്‍, പുകവലി എന്നിവ നിരോധിച്ചു. ഭക്തജനങ്ങള്‍ക്ക് ഉത്സവ ദിവസം രാവിലെ ആറ് മുതല്‍ പ്രവേശിക്കാം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല. വൈകിട്ട് അഞ്ച് മണിക്ക് എല്ലാ ഭക്തജനങ്ങളും ക്ഷേത്രം വിട്ട് പോകേണ്ടതാണ്. അതിന്‌ശേഷം ആരെയും ക്ഷേത്രത്തിലോ പരിസരത്തോ , വനത്തിനുള്ളിലോ അനുവദിക്കില്ല. ഭക്ഷണ മാലിന്യങ്ങള്‍ ക്ഷേത്രപരിസരങ്ങളില്‍ നിക്ഷേപിക്കരുത്. വാഹനങ്ങളില്‍ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും അധികഭാരം ഒഴിവാക്കുകയും  ചെയ്യണം. വനത്തില്‍ നിന്നും ഒന്നും ശേഖരിക്കാന്‍ പാടില്ല. വന്യമൃഗങ്ങളെ പ്രകോപിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കരുത്. ക്ഷേത്രത്തിനകത്തും പരിസരത്തും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെരിപ്പ് ഉപയോഗിക്കാന്‍ പാടില്ല. വനത്തിനുള്ളില്‍ വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവ അനുവദിക്കുന്നതല്ലെന്നും പെരിയാര്‍ പ്രോജക്ട് ടൈഗര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date