Skip to main content

കള്ളവോട്ട് തടയാന്‍ ശക്തമായ നടപടികള്‍; സംശയം തോന്നിയാല്‍ ചലഞ്ച് ചെയ്യാം

 

ഏപ്രില്‍ 23 ന് സംസ്ഥാനത്ത് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ശക്തമായ നടപടികള്‍  സ്വീകരിച്ച് ജില്ലാ ഭരണകൂടം. ഇതിന്റെ ഭാഗമായി ജില്ലയിലെ 1857 പോളിംഗ് സ്റ്റേഷനുകളില്‍ 1841 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി എസ് എന്‍ എല്‍ കവറേജ് ഇല്ലാത്തത് മൂലം വെബ്കാസ്റ്റിംഗ് സാധിക്കാത്ത പോളിംഗ് സ്റ്റേഷനുകളില്‍ ലൈവ് വീഡിയോ കവറേജും സജ്ജീകരിക്കും. ക്രിറ്റിക്കല്‍ ബൂത്തുകളില്‍ വെബ്കാസ്റ്റിംഗിനൊപ്പം വീഡിയോ കവറേജും ഉണ്ടായിരിക്കുന്നതാണ്. 

മുന്‍ വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ ബൂത്തുകളെ വള്‍ണറബിള്‍, ക്രിറ്റിക്കല്‍, സെന്‍സിറ്റീവ് എന്നിങ്ങനെ തരം തിരിച്ച് ഇവിടെ മൈക്രോ ഒബ്സര്‍വര്‍മാര്‍, വീഡിയോ റെക്കോര്‍ഡിംഗ്, മൊബൈല്‍ സ്‌ക്വാഡുകളുടെ നിരീക്ഷണം എന്നിവ ശക്തമാക്കുകയും ചെയ്യും. 

പോളിംഗ് സ്റ്റേഷനുകളിലെത്തിയ വോട്ടറെക്കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടാകുന്ന പക്ഷം പ്രിസൈഡിംഗ് ഓഫീസര്‍ അവരുടെ ഐഡന്റിറ്റി  കാര്‍ഡ് പരിശോധിക്കുകയും കള്ളവോട്ട് ചെയ്യാനാണ് എത്തിയിരിക്കുന്നതെന്ന് തെളിഞ്ഞാല്‍ എസ്എച്ച്ഒ (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍)യെ അറിയിക്കുകയും ഇയാള്‍ക്കെതിരെ ആര്‍ പി ആക്ട് പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കുകയും ചെയ്യും.

വോട്ട് ചെയ്യാനെത്തിയ ആള്‍ യഥാര്‍ഥ വോട്ടറല്ലെന്ന്  സംശയമുണ്ടെങ്കില്‍ ബൂത്ത് ഏജന്റുമാര്‍ക്ക് അത് ചലഞ്ച് ചെയ്യാന്‍ സാധിക്കുന്നതാണ്. പ്രിസൈഡിംഗ് ഓഫീസര്‍ നടത്തുന്ന അന്വേഷണത്തില്‍ ചലഞ്ച് തെറ്റാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ഇയാളെ വോട്ട് ചെയ്യാന്‍ അനുവദിക്കുകയും അല്ലാത്ത പക്ഷം ഇയാളെ പോലീസിന് കൈമാറി ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. 

തന്റെ വോട്ട് മറ്റാരോ ചെയ്തുവെന്ന പരാതിയുമായാണ് സമ്മതിദായകന്‍ പോളിംഗ് സ്റ്റേഷനില്‍ എത്തുന്നതെങ്കില്‍, പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്ക് ടെണ്ടേര്‍ഡ് ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കുന്നതാണ്. എന്നാല്‍ ഈ വോട്ട് ഇ വി എമ്മില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതല്ല. ചെറിയ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന സഹചര്യത്തില്‍ ടെണ്ടേര്‍ഡ് ബാലറ്റുകള്‍ പരിശോധനയ്ക്കായി കോടതിയില്‍ ഹാജരാക്കും. 

date