Skip to main content

തെരഞ്ഞെടുപ്പ് സുഗമമാക്കാന്‍  കര്‍ശന നിര്‍ദേശങ്ങളുമായി കമ്മീഷന്‍

 

വോട്ടര്‍മാര്‍ക്ക് യാതൊരു തടസവും കൂടാതെ അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സഹകരിക്കണമെന്ന് തെഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മതിദായകര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ള കടലാസില്‍ ആയിരിക്കണം, അതില്‍ ഏതെങ്കിലും ചിഹ്നമോ സ്ഥാനാര്‍ഥിയുടെ പേരോ, കക്ഷിയുടെ പേരോ രേഖപ്പെടുത്തരുത്.

സമാധാനപൂര്‍ണ്ണമായ തെരഞ്ഞെടുപ്പ് ഉറപ്പ് വരുത്താനും സംഘര്‍ഷം ഒഴിവാക്കാനുമായി പോളിംഗ് ബൂത്തുകള്‍ക്ക് സമീപവും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍ക്ക് മുന്നിലും ആളുകള്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കണം. സ്ഥാനാര്‍ഥികളുടെ ക്യാമ്പുകള്‍ ആര്‍ഭാട രഹിതമാണെന്ന് ഉറപ്പുവരുത്തുണം, ക്യാമ്പുകളില്‍ എന്തെങ്കിലും ആഹാര പദാര്‍ഥങ്ങള്‍ വിതരണം ചെയ്യരുത്. 

വോട്ടെടുപ്പ് ദിവസം വാഹനം ഓടിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി വാങ്ങിയ പെര്‍മിറ്റുകള്‍ അതാത് വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുക, ഭീഷണിപ്പെടുത്തുക, ആള്‍മാറാട്ടം നടത്തുക, പോളിംഗ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളില്‍ വോട്ട് പിടിക്കുക, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുമ്പുള്ള 48 മണിക്കൂര്‍ സമയത്ത് പൊതുയോഗങ്ങള്‍ നടത്തുക, പോളിംഗ് സ്റ്റേഷനിലേക്കും പോളിംഗ് സ്റ്റേഷനില്‍ നിന്നും സമ്മതിദായകരെ വാഹനത്തില്‍ കൊണ്ടുപോവുക തുടങ്ങിയവ തെരഞ്ഞെടുപ്പ് നിയമ പ്രകാരം കുറ്റകരമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് പ്രദേശങ്ങളില്‍ നിന്നും എത്തിയവര്‍, അവര്‍ നിശ്ചിത മണ്ഡലത്തിലെ സമ്മതിദായകനല്ലെങ്കില്‍ പ്രചരണത്തിനുള്ള സമയം (പോള്‍ അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് തൊട്ട് മുമ്പുള്ള 48 മണിക്കൂര്‍) അവസാനിച്ചാലുടന്‍ മണ്ഡലം വിട്ട് പോകേണ്ടതാണ്. നിശ്ചിത മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും ഇത് ബാധകമല്ലെന്നും കമ്മീഷന്‍ അറിയിച്ചു.  

 

date