Skip to main content

സ്ഥാനാര്‍ഥികളുടെ ചെലവ് രജിസ്റ്റര്‍:  മൂന്നാം ഘട്ട പരിശോധന പൂര്‍ത്തിയായി

 

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ ചെലവ് രജസ്റ്ററുകളുടെ മൂന്നാം ഘട്ട പരിശോധന പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ മഹ്ഫൂസ് റഹ്മാന്റെ നേതൃത്വത്തിലാണ് മൂന്നാം തവണയും പരിശോധന നടന്നത്. സ്ഥാനാര്‍ഥികള്‍ തയ്യാറാക്കിയ ചെലവ് രജിസ്റ്റര്‍ ചെലവ് നിരീക്ഷണ ഉദ്യോഗസ്ഥര്‍ സൂക്ഷിക്കുന്ന ഷാഡോ രജിസ്റ്ററുമായി താരതമ്യപ്പെടുത്തുന്നതിനും പെരുത്തക്കേടുകളുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്ഥാനാര്‍ഥികളെ അറിയിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് പരിശോധന നടത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം പ്രചാരണ കാലയളവില്‍ മൂന്ന് തവണയാണ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ രേഖപ്പെടുത്തുന്ന രജിസ്റ്റര്‍ പരിശോധിക്കേണ്ടത്. ഫല പ്രഖ്യാപനത്തിന്റെ 26 ാം ദിവസം ചേരുന്ന റീകണ്‍സിലിയേഷന്‍ യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ പരിശോധനയ്ക്കായി ചെലവ് രജിസ്റ്റര്‍ ഹാജരാക്കണം. 

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥികള്‍ അന്തിമ പരിശോധനയ്ക്കായി രജിസ്റ്റര്‍ സമര്‍പ്പിക്കേണ്ടതാണ്. ചെലവിന്റെ സംക്ഷിപ്ത രൂപം, ദിവസേനയുള്ള ചെലവുകള്‍ രേഖപ്പെടുത്തിയ രജിസ്റ്റര്‍, ബില്ലുകള്‍ വൗച്ചറുകള്‍, ഇതിനെ സാധൂകരിക്കുന്ന സത്യവാങ്മൂലം എന്നിവ ഇതോടൊപ്പം സമര്‍പ്പിക്കണം. തെറ്റായ രേഖകള്‍ ഹാജരാക്കിയതായി തെളിഞ്ഞാല്‍ തെരഞ്ഞെടുക്കപ്പെവരെ അയോഗ്യരാക്കുകയും സ്ഥാനാര്‍ഥികളെ മൂന്ന് വര്‍ഷം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

 

date