Skip to main content

സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

 

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ സെക്ടര്‍/ സോണല്‍ മജിസ്ട്രേറ്റുമാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ മുഴുവന്‍ മണ്ഡലങ്ങളിലേയും സെക്ടര്‍ മജിസ്ട്രേറ്റുമാരായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ പി പ്രേംരാജ് ക്ലാസെടുത്തു. 

ജില്ലയില്‍ ഒരോ നിയോജക മണ്ഡലത്തിലും രണ്ട് വീതം സെക്ടര്‍ മജിസ്ട്രേറ്റുമാരാണ് ഉണ്ടാവുക. ബന്ധപ്പെട്ട മണ്ഡലത്തിലെ സെക്ടര്‍ ഓഫീസര്‍മാരുടെ ഏകോപനം, പോളിംഗ് ബൂത്തുകളിലെ ക്രമസമാധാന നില ഉറപ്പുവരുത്തുക തുടങ്ങിയവയാണ് സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പ്രധാന ചുമതല. ഇതിന് പുറമെ ഏതെങ്കിലും കാരണത്താല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തകരാറിലാകുകയോ ദൗര്‍ലഭ്യം അനുഭവപ്പെടുകയോ ചെയ്താല്‍ ലഭ്യമായ സ്ഥലങ്ങളില്‍ നിന്നും മെഷീനുകള്‍ കണ്ടെത്തി ബന്ധപ്പെട്ട പോളിംഗ് ബൂത്തുകളില്‍  എത്തിക്കേണ്ട ചുമതല ഇവര്‍ക്കാണ്.

തങ്ങളുടെ പരിധിയിലെ പോളിംഗ് സ്റ്റേഷനുകളെ സംബന്ധിച്ച വ്യക്തമായ ധാരണ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് ഉണ്ടാകണം. വോട്ടെടുപ്പ് ദിവസം തങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ പോളിംഗ് സ്റ്റേഷനുകളും ഒരു തവണയെങ്കിലും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ സന്ദര്‍ശിക്കേണ്ടതാണ്. ഏതെങ്കിലും ബൂത്തുകളില്‍ നിന്ന് എസ് ഒ എസ് മെസേജ് ലഭിച്ചാല്‍ പ്രസ്തുത പോളിംഗ് ബൂത്തില്‍ എത്തിച്ചേരുകയും ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടതും സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ ചുമതലയാണ്.

 

date