Skip to main content

4437 ഭിന്നശേഷിക്കാര്‍ക്ക് വോട്ട് ചെയ്യാന്‍  വാഹനസൗകര്യം ഒരുക്കും

 

ജില്ലയിലെ വിവിധ ബൂത്തുകളിലായി 4437 ഭിന്നശേഷിക്കാരെ പോളിംഗ് സ്‌റ്റേഷനുകളിലേക്കും തിരിച്ചും എത്തിക്കാന്‍ ജില്ലാ ഭരണകൂടം വാഹന സൗകര്യം ഏര്‍പ്പാടാക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി അറിയിച്ചു. പയ്യന്നൂര്‍- 462, കല്യാശ്ശേരി-666, തളിപ്പറമ്പ്- 274, ഇരിക്കൂര്‍- 367, അഴീക്കോട്- 285, കണ്ണൂര്‍-229, ധര്‍മടം- 484, തലശ്ശേരി- 248, കൂത്തുപറമ്പ്- 484, മട്ടന്നൂര്‍- 506, പേരാവൂര്‍- 432 എന്നിങ്ങനെ 4437 ഭിന്നശേഷിക്കാരാണ് വാഹന സൗകര്യത്തിനായി അപേക്ഷ നല്‍കിയിരിക്കുന്നത്. 

ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസര്‍ മുഖേന വാഹന സൗകര്യത്തിന് രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാരായ വോട്ടര്‍മാരെ വാഹന സൗകര്യം ആവശ്യപ്പെട്ട സ്ഥലത്ത് നിന്ന് പോളിംഗ് ബൂത്തിലേക്കും തിരിച്ചും റൂട്ട് ഓഫീസര്‍മാര്‍ എത്തിക്കും. ഇത്തരത്തില്‍ സേവനം ലഭിക്കാത്തവര്‍ക്ക് ജില്ലാ വനിതാക്ഷേമ ഓഫീസര്‍, നിയോജകമണ്ഡലാടിസ്ഥാനത്തിലുള്ള കോ-ഓര്‍ഡിനേറ്റര്‍മാര്‍, അതത് സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരെ സേവനത്തിനായി ബന്ധപ്പെടാം.

ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും അങ്കണവാടി വര്‍ക്കാര്‍മാരുടെ സേവനവും, അന്ധരായ വോട്ടര്‍മാര്‍ക്കായി സ്ഥാനാര്‍ഥികളുടെ വിവരം അടങ്ങിയ ബ്രയിലി ബാലറ്റ് പേപ്പറും ലഭ്യമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ബൂത്തുകളിലെത്തുന്ന കുട്ടികളുടേയും അവശരുടേയും പരിപാലനത്തിനായി അങ്കണവാടി വര്‍ക്കര്‍മാരുടെ സേവനവും ലഭിക്കും. റാമ്പ്, കുടിവെള്ളം, വൈദ്യുതി, ഹെല്‍പ്പ് ഡെസ്‌ക്, ശുചിമുറി, വിശ്രമമുറി, മെഡിക്കല്‍ കിറ്റ്, വീല്‍ചെയറുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  

date