Skip to main content

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് സഹായഹസ്തമായി ഇലക്ഷന്‍ കോട്ടയം മൊബൈല്‍ ആപ്ലിക്കേഷന്‍

കോട്ടയം ജില്ലയിലെ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് പോളിംഗ് ബൂത്തില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കണ്ടെത്തിയാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അധികൃതരെ അറിയിച്ച് പരിഹാരം തേടാം. ഇലക്ഷന്‍ കോട്ടയം എന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഇതിന് വഴിതുറക്കുന്നത്. 

 തിരഞ്ഞെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിനുവേണ്ടി ജില്ലാ കളക്ടര്‍ പി.കെ.  സുധീര്‍ ബാബുവിന്‍റെ നിര്‍ദേശപ്രകരം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്.

 

 അന്‍ഡ്രോയ്ഡ് ഫോണും ഇന്‍റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ഇത് അനായാസം ഉപയോഗിക്കാം. 

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്ലിക്കേഷന്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും സെക്ടറല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുമാണ് ഉപയോഗിക്കാനാവുക.  

 

ഇന്ന്(ഏപ്രില്‍22) അതത് വിതരണ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്യാം. പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്കോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആള്‍ക്കോ മാത്രമേ ലോഗ് ഇന്‍ ചെയ്യാനാകൂ. 

 

   വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍,  തെരഞ്ഞെടുപ്പ് സാമഗ്രികളുടെ ആവശ്യകത, അടിസ്ഥാന സൗകര്യങ്ങള്‍,  ഭക്ഷണം-കുടിവെള്ളം തുടങ്ങി ഒന്‍പത് വിഭാഗങ്ങളിലായി നൂറോളം എന്‍ട്രികള്‍ക്ക് ഓപ്ഷനുകളുണ്ട്. 

 

വോട്ടു ചെയ്ത ഭിന്നശേഷിക്കാരുടെ എണ്ണമറിയുന്നതിനും ഇലക്ഷന്‍ കോട്ടയത്തില്‍ സംവിധാനമുണ്ട്. സമര്‍പ്പിക്കുന്ന ആവശ്യങ്ങളുടെയും പരാതികളുടെയും സ്ഥിതിയും അറിയാനാകും. ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ജില്ലാ വരണാധികാരിക്ക് കമ്പ്യൂട്ടറില്‍ ലഭ്യമാകും.  ആപ്ലിക്കേഷന്‍ ഉപയോഗം ഉദ്യോഗസ്ഥര്‍ക്ക് മനസിലാക്കുന്നതിനായി പ്രത്യേക കൈപ്പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

date