Skip to main content

വോട്ടെടുപ്പ് ദിവസം രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ക്രമസമാധാന പാലനം ഉറപ്പുവരുത്തണം

വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച (ഏപ്രിൽ 23) രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്ന തരത്തിലുള്ള അച്ചടക്കം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ ടി വി അനുപമ അറിയിച്ചു.. വോട്ടെടുപ്പ് സമാധാനപരവും ക്രമവും ആക്കിമാറ്റാൻ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ഉത്തരവാദിത്തമുണ്ട്. വോട്ടർമാർ ഭീഷണിക്കോ തടസ്സത്തിനോ വിധേയമാകാതെ സമ്മതിദാനാവകാശം വിനിയോഗിക്കണം. ഇതിനുള്ള പൂർണ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിനായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സഹകരിക്കണം.പോളിങ് ബൂത്തുകളിൽ കർശനമായി ഹരിത ചട്ടം പാലിക്കണം
രാഷ്ട്രീയ പാർട്ടികൾ അംഗീകൃത പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജും ഐഡന്റിറ്റി കാർഡും നൽകണം. അവർ സമ്മതിദായകർക്ക് വിതരണം ചെയ്യുന്ന അടയാളക്കുറിപ്പുകളിൽ എന്തെങ്കിലും ചിഹ്നമോ സ്ഥാനാർത്ഥിയുടെ പേരോ കക്ഷിയുടെ പേരോ ഉണ്ടായിരിക്കില്ലെന്ന് ഉറപ്പുവരുത്തണം. വോട്ടെടുപ്പുദിവസവും അതിനു മുൻപുള്ള 24 മണിക്കൂറും മദ്യം വിൽക്കുകയോ മദ്യം വിതരണം ചെയ്യുകയോ പാടില്ല. രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിവാക്കുന്നതിനായി പോളിങ് ബൂത്തുകൾക്കു സമീപവും രാഷ്ട്രീയ കക്ഷികൾ നിർമിച്ചിട്ടുള്ള ക്യാമ്പുകൾക്കു സമീപവും അനാവശ്യമായ ആൾക്കൂട്ടം ഒഴിവാക്കണം. സ്ഥാനാർത്ഥികളുടെ ക്യാമ്പുകൾ ആർഭാട രഹിതമാണെന്ന് ഉറപ്പുവരുത്തണം. ചുമർ പരസ്യങ്ങളോ കൊടികളോ ചിഹ്നമോ മറ്റു പ്രചരണ വസ്തുക്കളോ പ്രദർശിപ്പിക്കരുത്. ക്യാമ്പുകളിൽ എന്തെങ്കിലും ആഹാര പദാർത്ഥങ്ങൾ വിതരണം നടത്താനോ ആൾക്കൂട്ടം അനുവദിക്കാനോ പാടില്ല
വോട്ടെടുപ്പ് ദിവസവും വാഹനങ്ങൾ ഓടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നതിന് അധികാരികളുമായി സഹകരിക്കുകയും അതിനായി പെർമിറ്റ് വാങ്ങി അതത് വാഹനങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കുകയും വേണം. സമ്മതിദായകർ ഒഴികെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമാനുസൃത പാസില്ലാതെ ആരും പോളിങ് ബൂത്തുകളിൽ പ്രവേശിക്കാൻ പാടുള്ളതല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

date